കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുകയാണ്.മികയേൽ സ്റ്റാറേയുടെ കീഴിലുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്‌ലാൻഡിലാണ് ഉള്ളത്.രണ്ട് ഫ്രണ്ട്ലി മത്സരങ്ങൾ അവർ കളിച്ചു കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.
ഇന്ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ റാച്ചാബുരി എഫ്സിയാണ്. ഇന്ന് ഉച്ചക്ക് 2:30നാണ് മത്സരം ആരംഭിക്കുക. നാളെ ഒരു മത്സരം കൂടി ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ വച്ച് കളിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.അതിനുശേഷം ക്ലബ്ബ് കൊൽക്കത്തയിലേക്ക് മടങ്ങിയെത്തും.
ബ്ലാസ്റ്റേഴ്സിന്റെ ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റിരിയോ ക്ലബ്ബിനോടൊപ്പം ഉണ്ട്.പരിക്ക് കാരണം കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.ഇത്തവണ കളിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹം ഉള്ളത്. തന്റെയും ക്ലബ്ബിന്റെയും ലക്ഷ്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒരുപാട് ഗോളുകളും അസിസ്റ്റുകളും നേടണം എന്നാണ് ഈ മുന്നേറ്റ നിര താരം പറഞ്ഞിട്ടുള്ളത്. എല്ലാ മത്സരങ്ങളിലും വിജയം നേടണമെന്നും എല്ലാ കിരീടങ്ങളും സ്വന്തമാക്കണമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
” ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ഐഎസ്എൽ കിരീടം നേടുക എന്നുള്ളത് തന്നെയാണ്. ഞങ്ങൾ കളിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കണം.എല്ലാ കിരീടങ്ങളും നേടണം.സാധ്യമാകുന്ന അത്രയും വിജയങ്ങൾ നേടണം.ആ മെന്റാലിറ്റിയോട് കൂടിയാണ് ഞങ്ങൾ വരുന്നത്.വ്യക്തിഗതമായി ഒരുപാട് ഗോളുകളും അസിസ്റ്റുകളും എനിക്ക് നേടണം. ടീമിനെ സഹായിക്കുകയും വേണം,ഇതാണ് സോറ്റിരിയോ പറഞ്ഞിട്ടുള്ളത്.
ഇതിന് സമാനമായ അഭിപ്രായം നോഹ് സദോയിയും പങ്കുവെച്ചിരുന്നു. എല്ലാ കിരീടങ്ങളും നേടാനുള്ള ഒരു മെന്റാലിറ്റിയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഏതായാലും മുഴുവൻ സ്‌ക്വാഡിനെയും അണിനിരത്തി കൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്സ് ഡ്യൂറന്റ് കപ്പിന് ഇറങ്ങുക എന്നത് വ്യക്തമാണ്.