ദിമിയുടെ കാര്യത്തിൽ സന്തോഷവാർത്ത, ആരാധകർ ആഗ്രഹിക്കുന്നത് സംഭവിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇനി ജീവൻ മരണ പോരാട്ടത്തിന് വേണ്ടിയാണ് കളിക്കളത്തിലേക്ക് എത്തുന്നത്.പ്ലേ ഓഫ് മത്സരത്തിൽ എതിരാളികൾ മറ്റാരുമല്ല, ഒഡീഷ എഫ്സിയാണ്. 19 ആം തീയതി ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. അതിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്.
ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിനോട് ഗുഡ് ബൈ പറയാം. അതേസമയം വിജയിച്ചു കഴിഞ്ഞാൽ സെമി ഫൈനലിൽ പ്രവേശിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. സെമി ഫൈനലിൽ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. ഏതായാലും ഒഡീഷക്കെതിരെ വിജയിക്കുക എന്നതിന് മാത്രമാണ് ഇപ്പോൾ ക്ലബ്ബ് പ്രാധാന്യം നൽകുന്നത്. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിച്ച ഒരു സന്തോഷവാർത്ത പുറത്തു വന്നിട്ടുണ്ട്.
ദിമിത്രിയോസ് ഇപ്പോൾ ഉള്ളത് പരിക്കിന്റെ പിടിയിലാണ്.കഴിഞ്ഞ മത്സരം അദ്ദേഹം കളിച്ചിട്ടില്ല.പ്ലേ ഓഫിൽ താരം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ് എന്ന് നേരത്തെ പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിരുന്നു. പക്ഷേ ഇവിടുത്തെ ആശ്വാസകരമായ കാര്യം എന്തെന്നാൽ ദിമി ടീമിനോടൊപ്പം മത്സരത്തിനു വേണ്ടി ഒഡീഷയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. അതായത് അദ്ദേഹവും സ്‌ക്വാഡിന്റെ ഭാഗമാണ്.അദ്ദേഹം കളിക്കാനുള്ള സാധ്യത സജീവമായി നിലനിൽക്കുന്നു എന്നത് തന്നെയാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.
അഡ്രിയാൻ ലൂണ ഈ മത്സരത്തിൽ കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തെ കളിപ്പിക്കാതിരുന്നത് കാരണം യെല്ലോ കാർഡ് റിസ്ക് ആണെന്ന് വുക്മനോവിച്ച് തന്നെ പറഞ്ഞിരുന്നു.ലൂണ ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായി കളിക്കാൻ റെഡിയായിട്ടുണ്ട്.ദിമിയുടെ കാര്യത്തിൽ മാത്രമാണ് ഇനി ഒരു സ്ഥിരീകരണം ലഭിക്കേണ്ടത്.ദിമി കൂടി ഉണ്ടെങ്കിൽ ഈ സീസണിൽ ആദ്യമായി ദിമി-ലൂണ-ചെർനിച്ച് കൂട്ടുകെട്ടിനെ കളിക്കളത്തിൽ കാണാൻ നമുക്ക് കഴിഞ്ഞേക്കും.അതിന് സാധിക്കും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ ഉള്ളത്.