ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്ലോവേനിയയെ പരാജയപ്പെടുത്തിയത്. എതിരാളികളുടെ 3 പെനാൽറ്റികളും തടഞ്ഞിട്ട ഗോൾകീപ്പർ ഡിയഗോ കോസ്റ്റയാണ് പോർച്ചുഗല്ലിന്റെ ഹീറോ.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇന്നലെ ഒരു മോശം ദിവസമായിരുന്നു.
മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കുകയായിരുന്നു. അതിനുശേഷം പൊട്ടിക്കരയുന്ന റൊണാൾഡോയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലെ പെനാൽറ്റി റൊണാൾഡോ ഗോൾ ആക്കി മാറ്റി.തുടർന്ന് പോർച്ചുഗൽ ആരാധകരോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.യൂറോ കപ്പിൽ നാല് മത്സരങ്ങൾ കളിച്ചിട്ടും ഇതുവരെ ഒരു ഗോൾ പോലും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.
കൂടാതെ അദ്ദേഹത്തിന്റെ ഫ്രീകിക്ക് കണക്കുകളും മോശമാണ്. ഇന്നലെ നാല് ഫ്രീകിക്കുകൾ അദ്ദേഹത്തിന് ലഭിച്ചു. ഒരെണ്ണം പോലും ഗോളാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 6 യൂറോ കപ്പുകൾ കളിച്ച റൊണാൾഡോ ആകെ 33 ഫ്രീകിക്കുകളാണ് എടുത്തിട്ടുള്ളത്. അതിൽ ഒരെണ്ണം പോലും ഗോളാക്കി മാറ്റാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.
മേജർ ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ആകെ 58 ഫ്രീകിക്കുകളാണ് റൊണാൾഡോ എടുത്തിട്ടുള്ളത്. അതിൽനിന്ന് ഒരു ഗോൾ മാത്രമാണ് റൊണാൾഡോക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. 25 എണ്ണം ബ്ലോക്ക് ചെയ്യപ്പെട്ടു, 20 എണ്ണം പുറത്തേക്ക് പോയി, 13 എണ്ണം ടാർഗറ്റിലേക്ക് ആയിരുന്നുവെങ്കിലും ഗോൾകീപ്പർ തടഞ്ഞിട്ടു,ഒരെണ്ണം മാത്രമാണ് താരത്തിന് ഗോളാക്കി മാറ്റാൻ കഴിഞ്ഞത്.
അതുകൊണ്ടുതന്നെ റൊണാൾഡോ ഇപ്പോൾ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ളവർ ഉണ്ടായിട്ടും റൊണാൾഡോ മാത്രം ഫ്രീകിക്ക് എടുക്കുന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത്ര സെൽഫിഷാകരുത് എന്നാണ് വിമർശകർ റൊണാൾഡോയോട് പറയുന്നത്.ഫ്രീകിക്കിലെ ഗോളടി മികവ് നഷ്ടമായിട്ടും എല്ലാ ഫ്രീകിക്കുകളും റൊണാൾഡോ എടുക്കുന്നതിനോട് പലർക്കും വിയോജിപ്പുണ്ട്.