ബെൽഫോർട്ട്,വാസ്ക്കസ്,മോങ്കിൽ..എല്ലാവരും അഡ്രിയാൻ ലൂണക്കൊപ്പം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണക്കേറ്റ പരിക്ക് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുന്നത് ചെറിയ അളവിലൊന്നുമല്ല. ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.ഈ സീസണിൽ മികച്ച ഒരു തുടക്കം തന്നെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. അതിൽ പ്രധാന പങ്കു വഹിച്ചത് ഈ ഉറുഗ്വൻ സൂപ്പർതാരമാണ് എന്ന് പറയാതെ വയ്യ. നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് മികച്ച താരത്തെ പകരമായി എത്തിക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ലൂണക്ക് പരിക്കേറ്റ വിവരം മാധ്യമപ്രവർത്തകരും മാധ്യമങ്ങളുമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഒടുവിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ സ്ഥിരീകരണം വന്നിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിൽ ലൂണ കളിക്കാനുള്ള സാധ്യത കുറവ് തന്നെയാണ്.
ഇന്നലെ ലൂണ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർക്കായി പങ്കുവെക്കുകയും ചെയ്തിരുന്നു.പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവരാൻ കഴിയും എന്നുള്ള ഒരു ശുഭപ്രതീക്ഷ അദ്ദേഹം അവിടെ പങ്കുവെച്ചിട്ടുണ്ട്. ആരാധകർ മാത്രമല്ല, സഹതാരങ്ങളും അദ്ദേഹത്തിന്റെ റിക്കവറിക്ക് വേണ്ടി കാത്തിരിക്കുകയാണ്.എന്തിനേറെ പറയുന്നു,മുൻ താരങ്ങൾ പോലും അദ്ദേഹത്തിന് സ്പീഡി റിക്കവറി വിഷ് ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ എല്ലാവരും ഈ ബുദ്ധിമുട്ടേറിയ സമയത്തിൽ ലൂണക്കൊപ്പം നിൽക്കുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന ബെൽഫോർട്ട് ലൂണക്ക് സന്ദേശം നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പരിക്കിൽ നിന്ന് മുക്തനാവട്ടെ എന്നാണ് ഇദ്ദേഹം എഴുതിയിരിക്കുന്നത്. ഇതിഹാസം എന്നാണ് ലൂണയെ ബെൽഫോർട്ട് വിശേഷിപ്പിച്ചിട്ടുള്ളത്. അതുപോലെതന്നെ മുൻ താരങ്ങളായിരുന്ന ആൽവരോ വാസ്ക്കാസ്,വിക്ടർ മോങ്കിൽ,മുഹീത് ഖാൻ എന്നിവരൊക്കെ സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കൂടാതെ സഹതാരങ്ങൾ എല്ലാവരും തങ്ങളുടെ തിരിച്ചുവരാനായി പ്രാർത്ഥനകൾ നൽകിയിട്ടുണ്ട്.ആകെ 9 മത്സരങ്ങൾ കളിച്ച ഈ സൂപ്പർ താരം 3 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.താരത്തിന്റെ അഭാവം വലിയ ഒരു തിരിച്ചടി തന്നെയാണ്. അടുത്ത മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിലൊക്കെയാണ് നമുക്ക് ആ വിടവ് ശരിക്ക് അറിയാൻ സാധിക്കുക.