അപ്പോ അതിനൊരു തീരുമാനമായിട്ടുണ്ട്,ലൊദെയ്റോയുടെ കാര്യത്തിൽ അപ്ഡേറ്റ് നൽകി മാർക്കസ് മർഗുലാവോ
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ഉറുഗ്വൻ സൂപ്പർ താരമായ നിക്കോളാസ് ലൊദെയ്റോയെ കുറിച്ചാണ്. ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോട് കൂടിയാണ് വരുന്ന ജനുവരിയിൽ പുതിയ താരത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ക്ലബ്ബ് തുടക്കം കുറിച്ചത്. അതിന്റെ ആദ്യപടി എന്നോണം ഈ ഉറുഗ്വൻ സൂപ്പർതാരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകുകയായിരുന്നു.
ഉറുഗ്വയിലെ മാധ്യമപ്രവർത്തകർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടുകൂടിയാണ് ഈ റൂമറിലെ വിശ്വാസത വർദ്ധിച്ചത്. മറ്റു ക്ലബ്ബുകളും ഇദ്ദേഹത്തിന് വേണ്ടി രംഗത്തുണ്ട്. അതിനിടെ ഈ താരം വിദേശ രാജ്യത്ത് കളിക്കാനുള്ള സാധ്യത അദ്ദേഹത്തിന്റെ ഏജന്റ് തള്ളിക്കളഞ്ഞതോടെ ബ്ലാസ്റ്റേഴ്സിലേക്ക് വരില്ല എന്നത് തെളിഞ്ഞു കഴിഞ്ഞിരുന്നു.അതിപ്പോൾ കൂടുതൽ ഉറപ്പാവുകയാണ്.
എന്തെന്നാൽ പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുലാവോ ഇക്കാര്യത്തിൽ പുതിയ അപ്ഡേറ്റ് നൽകിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് ലൊദെയ്റോ എത്തുന്നു എന്നുള്ളത് സത്യമല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് ഈ സൂപ്പർതാരം എത്തില്ല.ലൊദെയ്റോ ഓഫർ നിരസിച്ചതാണോ അതല്ല ബ്ലാസ്റ്റേഴ്സ് പിൻവാങ്ങിയതാണോ എന്നതൊന്നും വ്യക്തമല്ല. ഏതായാലും ലൊദെയ്റോ വരില്ല എന്നുള്ള കാര്യം ആരാധകർക്ക് നിരാശ നൽകിയിട്ടുണ്ട്. കാരണം അത്രയും മികച്ച ഒരു താരമായിരുന്നു അദ്ദേഹം.
ഇനി ബ്ലാസ്റ്റേഴ്സ് ആരാധകരിൽ അവശേഷിക്കുന്ന ചോദ്യം ലൂണക്ക് പകരമായി കൊണ്ട് ക്ലബ്ബ് ആരെങ്കിലും കൊണ്ടുവരുമോ എന്നതാണ്.ലൊദെയ്റോയുടെ പേരല്ലാതെ മറ്റൊന്നും ഉയർന്നു കേട്ടിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സിന് ഒരു താരത്തെ നിലവിൽ അത്യാവശ്യമാണ്. എന്തെന്നാൽ അത്രയും സുപ്രധാനമായ ഒരു താരത്തെയാണ് ക്ലബ്ബിന് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.ലൂണക്ക് പകരക്കാരന് ജനുവരിയിൽ എത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളായേക്കും.
സീസണിൽ ക്ലബ്ബിന് മികച്ച തുടക്കം ലഭിക്കാനുള്ള പ്രധാന കാരണക്കാരിൽ ഒരാൾ ഈ ക്യാപ്റ്റൻ തന്നെയാണ്.ഇനി അദ്ദേഹത്തിന്റെ അഭാവത്തിലാണ് മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് കളിക്കുക. ഏതായാലും ജനുവരിയിൽ ഒരു താരത്തെ ക്ലബ്ബ് എത്തിക്കും എന്നുള്ള ഒരു പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.