ഞാൻ അക്കാര്യത്തിൽ അസ്വസ്ഥനാണ്: വിജയത്തിനിടയിലും തന്റെ നിരാശ മറച്ചുവെക്കാതെ ഇവാൻ വുക്മനോവിച്ച്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയ കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ വിജയം കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദിമി നേടിയ ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
മികച്ച പ്രകടനമാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. പ്രത്യേകിച്ച് ആദ്യ പകുതി തികച്ചും പ്രശംസനീയം തന്നെ.മോഹൻ ബഗാനെ ചിത്രത്തിൽ പോലും കാണാനില്ലായിരുന്നു. ആദ്യപകുതിയിൽ പൂർണമായും മോഹൻ ബഗാനെ നിഷ്പ്രഭമാക്കി കളയാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.എത്രയോ ഗോളുകൾ നേടാനുള്ള അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു.എന്നാൽ അതൊന്നും മുതലെടുക്കാൻ സാധിക്കാതെ പോവുകയായിരുന്നു.
മോഹൻ ബഗാനെ പോലെയുള്ള ഒരു ടീമിനെതിരെ ആധിപത്യം പുലർത്തിയിട്ടും കൂടുതൽ ഗോളുകൾ നേടാനാവാത്തത് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്. അത് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് തന്നെ മത്സരശേഷം തുറന്നു പറഞ്ഞിട്ടുണ്ട്. മത്സരത്തിൽ കൂടുതൽ ഗോളുകൾ നേടാൻ ക്ലബ്ബിന് സാധിക്കുമായിരുന്നുവെന്നും പക്ഷേ ഗോളുകൾ നേടാനാവാത്തതിൽ താൻ അസ്വസ്ഥനാണ് എന്നുമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
മോഹൻ ബഗാൻ ഒരു മികച്ച ടീമാണ്. അവരുടെ ആധിപത്യം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ ഒരുപാട് കാലത്തിനു ശേഷം അവർക്കെതിരെ ഇവിടെ വിജയിക്കാൻ സാധിച്ചു.അക്കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. ഞാൻ വന്നതിനുശേഷം ആദ്യമായാണ് അവർക്കെതിരെ വിജയിക്കുന്നത്.അതിലും ഞാൻ ഹാപ്പിയാണ്. പക്ഷേ മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. കൂടുതൽ ഗോളുകൾ ഞങ്ങൾ നേടണമായിരുന്നു. അക്കാര്യത്തിൽ ഞാൻ നിരാശനാണ്,വുക്മനോവിച്ച് പറഞ്ഞു.
ദിമിയെ ആശ്രയിച്ചാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി മുന്നോട്ടുപോകുന്നത്. നേരത്തെ അഡ്രിയാൻ ലൂണ ഗോളുകൾ നേടിക്കൊണ്ട് ടീമിനെ സഹായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ അഭാവം തിരിച്ചടി തന്നെയാണ്. ബാക്കിയുള്ള താരങ്ങൾ ഗോളുകൾ നേടുന്നില്ല എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.