ഒഫീഷ്യൽ,ആൽവരോ വാസ്ക്കസ് തന്റെ ക്ലബ്ബ് വിട്ടു, ഇനി എങ്ങോട്ട്?
ഇവാൻ വുക്മനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ച ആദ്യ സീസണിൽ മിന്നുന്ന പ്രകടനമായിരുന്നു ക്ലബ്ബ് നടത്തിയിരുന്നത്.അന്ന് ഫൈനലിൽ ഹൈദരാബാദിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ആ സീസണിൽ മികച്ച പ്രകടനങ്ങൾ നടത്തിയ രണ്ട് താരങ്ങളായിരുന്നു ആൽവരോ വാസ്ക്കസും ജോർഹെ പെരീര ഡയസും. എന്നാൽ ആ രണ്ട് താരങ്ങളും ക്ലബ്ബ് വിടുകയായിരുന്നു.പെരീര ഡയസ് മുംബൈയിലേക്ക് ചേക്കേറിയപ്പോൾ വാസ്ക്കസ് ഗോവയിലേക്കാണ് പോയത്.
എന്നാൽ എഫ്സി ഗോവയിൽ കാര്യങ്ങൾ കരുതിയ പോലെയല്ല വാസ്ക്കസിന് നടന്നത്. വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല.വേണ്ട രീതിയിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചതുമില്ല. അതോടുകൂടി അദ്ദേഹം ഗോവ വിട്ടു. പിന്നീട് സ്പെയിനിലെ തേർഡ് ഡിവിഷൻ ക്ലബ്ബായ SD പോൺഫെറാഡിനക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ അവിടെയും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ ഈ സ്പാനിഷ് ക്ലബ്ബ് ഒരു ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.അതായത് ആൽവരോ വാസ്ക്കാസ് ക്ലബ്ബ് വിട്ടിരിക്കുന്നു.രണ്ടുപേരും ചേർന്നുകൊണ്ട് എടുത്ത തീരുമാനമാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കുകയാണ് ചെയ്തിട്ടുള്ളത്.അതായത് ജനുവരി ഒന്നാം തീയതി മുതൽ വാസ്ക്കാസ് ഫ്രീ ഏജന്റാണ്. അദ്ദേഹത്തിന് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ചേക്കേറാം. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശ്രദ്ധ ഒന്ന് ക്ഷണിച്ചിട്ടുണ്ട്.
അതായത് അഡ്രിയാൻ ലൂണയെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി കഴിഞ്ഞിട്ടുണ്ട്.ഒരു പകരക്കാരനെ അത്യാവശ്യമായ സന്ദർഭമാണിത്. ആ സ്ഥാനത്തേക്ക് വാസ്ക്കസിനെ കൊണ്ടുവരുമോ എന്നതാണ് ഇനി കാണേണ്ട കാര്യം.വാസ്ക്കസിനെ കൊണ്ടുവരാൻ ഇനി ട്രാൻസ്ഫർ ഫീ ഒന്നും നൽകേണ്ടതില്ല എന്നത് അനുകൂലമായ ഘടകമാണ്.പക്ഷേ അദ്ദേഹം ഇപ്പോൾ അത്ര മികച്ച രീതിയിൽ ഒന്നുമല്ല. അതുകൊണ്ടുതന്നെ വുക്മനോവിച്ച് എത്രത്തോളം താരത്തിനുവേണ്ടി ആവശ്യപ്പെടും എന്ന കാര്യത്തിൽ വ്യക്തതകൾ വരേണ്ടതുണ്ട്.
ഈയിടെ അദ്ദേഹം ട്രെയിനിങ്ങിന്റെ സമയത്ത് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജേഴ്സി ഉപയോഗിച്ചത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.അന്ന് തന്നെ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ചർച്ചകൾ നടന്നിരുന്നു.ഏതായാലും ആ ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.വാസ്ക്കസിനെ എത്തിക്കാൻ കഴിയുകയാണെങ്കിൽ അത് ഉപയോഗപ്രദമാകും എന്ന് തന്നെയാണ് പല ബ്ലാസ്റ്റേഴ്സ് ആരാധകർ വിശ്വസിക്കുന്നത്.