എല്ലാ ടീമുകൾക്കും മോശം സമയം ഉണ്ടാകും,അവർ തിരിച്ചു വരും,അവർക്ക് മികച്ച താരങ്ങളുണ്ട് :പ്രീതം കോട്ടാൽ പറയുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അവസാനത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത് മോഹൻ ബഗാനെയാണ്. അവരുടെ മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് അവരെ തോൽപ്പിച്ചത്.ഏറെ കാലങ്ങൾക്ക് ശേഷമാണ് മോഹൻ ബഗാനെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത്. അതുകൊണ്ടുതന്നെ ആ വിജയം വളരെ പ്രത്യേകതയാർന്നതാണ്.
മോഹൻ ബഗാന് ബുദ്ധിമുട്ടേറിയ സമയമാണ്. അവസാനത്തെ മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെട്ടതോടെ പരിശീലകനായ ഫെറാണ്ടോയെ അവർ പുറത്താക്കിയിട്ടുണ്ട്.ഹബാസിനെ അവർ തിരിച്ചുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാംഘട്ടത്തിൽ അവർ കൂടുതൽ മികവോടുകൂടി തിരിച്ചുവരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഒരുപാട് കാലം മോഹൻ ബഗാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പ്രീതം കോട്ടാൽ. തന്റെ മുൻ ക്ലബ്ബിനെ കുറിച്ച് അദ്ദേഹം നേരത്തെ സംസാരിച്ചിട്ടുണ്ട്. എല്ലാ ടീമുകൾക്കും ഒരു മോശം സമയം ഉണ്ടാകുമെന്നും മോഹൻ ബഗാൻ തിരിച്ചുവരുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നുമാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്. ഒരുപാട് മികച്ച താരങ്ങൾ അവർക്കുണ്ടെന്നും കോട്ടാൽ പറഞ്ഞിട്ടുണ്ട്.ഖേൽ നൗവാണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മോഹൻ ബഗാന് ഒരു കോളിറ്റി സ്‌ക്വാഡ് തന്നെയുണ്ട്.ലിസ്റ്റൻ കൊളാസോ,സഹൽ അബ്ദു സമദ്,അൻവർ അലി,മൻവീർ സിംഗ്,കിയാൻ നസീരി,സുഭാഷിഷ് ബോസ് ഇവർ എല്ലാവരും മികച്ച താരങ്ങളാണ്.എല്ലാ ടീമുകൾക്കും മോശം സമയമുണ്ടാകും. പക്ഷേ ഈ സീസണിന്റെ രണ്ടാം പകുതിയിൽ അവർ തീർച്ചയായും തിരിച്ചു വരിക തന്നെ ചെയ്യും. അവർ എവിടെയാണ് ഉണ്ടാവേണ്ടത് എന്നതിനെക്കുറിച്ച് അവർ സ്വയം വിശ്വസിച്ചു തുടങ്ങിയാൽ മാത്രം മതി,ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.
ഹബാസിന് കീഴിൽ മോഹൻ ബഗാൻ തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.സൂപ്പർ കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളിൽ ആണ് അവർ ഇപ്പോൾ ഉള്ളത്. എന്നാൽ ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് കളിക്കേണ്ടതിനാൽ 7 താരങ്ങളെ മോഹൻ ബഗാന് നഷ്ടമായിട്ടുണ്ട്.അവർക്ക് തന്നെയാണ് ഏറ്റവും കൂടുതൽ താരങ്ങളെ നഷ്ടമായിട്ടുള്ളത്.