എങ്ങനെ ഇന്ത്യക്ക് ഫുട്ബോളിൽ മുന്നേറാം? അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ജാപ്പനീസ് കോച്ചിന്റെ ഉപദേശം ഇതാണ്.
ഏഷ്യൻ കരുത്തരായ ജപ്പാൻ ഇപ്പോൾ ഫുട്ബോൾ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തന്നെ യൂറോപ്പിലെ വമ്പൻമാരെ അവർ അട്ടിമറിച്ചിരുന്നു. സ്പെയിനും ജർമ്മനിയുമെല്ലാം ജപ്പാന് മുന്നിൽ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ കുറെ മത്സരങ്ങളായി അവർ പരാജയങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല.
ഇങ്ങനെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ജപ്പാന്റെ പരിശീലകന്റെ മികവ് കൂടി എടുത്തു പറയേണ്ട ഒന്നാണ്.ഹായിമേ മൊറിയാസു എന്ന പരിശീലകൻ വളരെ മികച്ച രൂപത്തിലാണ് തന്റെ ടീമിനെ മുന്നോട്ടു നയിക്കുന്നത്.ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ വിയറ്റ്നാമിനെ അവർ തോൽപ്പിച്ചിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫിഫ റാങ്കിങ്ങിലെ പതിനേഴാം സ്ഥാനക്കാരായ ജപ്പാൻ വിജയം നേടിയിരുന്നത്.
ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് കുറച്ച് ഉപദേശങ്ങൾ മൊറിയാസു നൽകിയിട്ടുണ്ട്. വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്നും അത് അവർ ഫുട്ബോളിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട് എന്നുമാണ് മൊറിയാസു പറഞ്ഞിട്ടുള്ളത്. ഗ്രാസ് റൂട്ട് ലെവലിൽ ഫുട്ബോൾ വളർത്തണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്. ജാപ്പനീസ് പരിശീലകൻ പറഞ്ഞത് ഇപ്രകാരമാണ്.
ഇന്ത്യക്ക് ഒരു വലിയ ജനസംഖ്യ തന്നെയുണ്ട്. അതുകൊണ്ടുതന്നെ അവർ ചെയ്യേണ്ടത് ഗ്രാസ് റൂട്ട് ലെവലിലുള്ള ഫുട്ബോൾ വളർത്തുക എന്നുള്ളതാണ്.അങ്ങനെയാണെങ്കിൽ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ആളുകൾ ഫുട്ബോളിൽ സജീവമാകും. ഫുട്ബോൾ പോപുലേഷൻ വർദ്ധിക്കും.ചെറിയ പ്രായത്തിൽ തന്നെ അവരുടെ ഫുട്ബോൾ ഇമ്പ്രൂവ് ആവുകയും ചെയ്യും.അതാണ് ഇന്ത്യ ചെയ്യേണ്ടത്,ജാപ്പനീസ് പരിശീലകൻ പറഞ്ഞു.
താഴെക്കിടയിലുള്ള ഫുട്ബോൾ വളർത്തി പ്രതിഭകളെ കണ്ടെത്തേണ്ടതുണ്ട് എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.ഫുട്ബോളിന് ഇവിടെ പരിഗണന നൽകേണ്ടതുണ്ട്. ഗവൺമെന്റും മറ്റ് ഓർഗനൈസേഷനുകളും അർഹമായ പിന്തുണ നൽകിയാൽ മാത്രമാണ് ഇന്ത്യയിൽ ഫുട്ബോൾ വളരുകയുള്ളൂ.