നിങ്ങളെ നിരാശപ്പെടുത്തിയതിൽ സോറി,പക്ഷേ ഞാൻ നിങ്ങളോട് സത്യം ചെയ്യുന്നു: ആരാധകർക്ക് ഇഗോർ സ്റ്റിമാച്ചിന്റെ ഉറപ്പ്.
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന രണ്ടാമത്തെ മത്സരത്തിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ ഉസ്ബക്കിസ്ഥാൻ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയത് എന്ന വസ്തുത മറച്ചുവെക്കുന്നതിൽ അർത്ഥമില്ല. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു.
ഇന്ത്യയുടെ ഡിഫൻസ് വളരെയധികം മോശമായിരുന്നു. അതുകൊണ്ടുതന്നെ എതിരാളികൾക്ക് തുടക്കം തൊട്ടേ കാര്യങ്ങൾ എളുപ്പമായി. ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.അതുകൊണ്ടുതന്നെ ആരാധകർ തീർത്തും നിരാശരാണ്.
ഇങ്ങനെ നിരാശരായി ആരാധകരോട് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് ക്ഷമ ചോദിച്ചിട്ടുണ്ട്.എല്ലാവരോടും സോറി പറയുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. എന്നാൽ ഈ ടീം സന്തോഷം തിരികെ കൊണ്ടുവരും എന്നുള്ള ഒരു പ്രോമിസും അദ്ദേഹം നൽകിയിട്ടുണ്ട്.ഉസ്ബക്കിസ്ഥാനോട് പരാജയപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഞങ്ങൾ വളരെയധികം സോറി പറയുന്നു. എനിക്കിപ്പോൾ പറയാൻ കഴിയുന്ന കാര്യം സോറി മാത്രമാണ്. ഞങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചില്ല.പക്ഷേ ഞാൻ സത്യം ചെയ്യുന്നു,ഈ താരങ്ങൾ സന്തോഷം തിരികെ കൊണ്ടുവരിക തന്നെ ചെയ്യും. നമുക്കിപ്പോൾ അടുത്ത മത്സരത്തിനു വേണ്ടി ഒരുമിച്ച് നിലകൊള്ളാം,ഇതാണ് ഇന്ത്യൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടതോടുകൂടി ഏറെക്കുറെ ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്തായി കഴിഞ്ഞിട്ടുണ്ട്.ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ.ആ മത്സരത്തിൽ വിജയിച്ചാൽ മാത്രം നേരിയ സാധ്യതകൾ ഇന്ത്യക്ക് ഏഷ്യൻ കപ്പിൽ അവശേഷിക്കുന്നുണ്ട്.