ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഉത്സവകാലം,അടുത്ത സീസണിന്റെ ഷെഡ്യൂൾ പുറത്തുവിട്ട് AIFF,ഫെഡറേഷൻ കപ്പ് തിരികെ വരുന്നു!
ഇന്ത്യൻ ഫുട്ബോളിലെ ഈ സീസൺ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ദേശീയ ടീം ഏഷ്യൻ കപ്പിൽ മാറ്റുരക്കുകയാണ്. അതേസമയം ക്ലബ്ബുകൾ കലിംഗ സൂപ്പർ കപ്പിലാണ് ഉള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞു.കലിംഗ സൂപ്പർ കപ്പിന് ശേഷമാണ് സെക്കൻഡ് മത്സരങ്ങൾ ആരംഭിക്കുക.
ഇതിനിടെ അടുത്ത സീസണിലേക്കുള്ള രൂപരേഖ AIFFന്റെ ലീഗ് കമ്മിറ്റി തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഉത്സവകാലമാണ് കാത്തിരിക്കുന്നത്. ജൂലൈ ഇരുപത്തിയാറാം തീയതിയാണ് 2024/25 സീസണിന് ഇന്ത്യയിൽ തുടക്കമാവുക. ജൂലൈ 26 തീയതി ഡ്യൂറന്റ് കപ്പാണ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 ആം തീയതി വരെ ഡ്യൂറന്റ് കപ്പ് തുടരും.
ഇന്ത്യൻ സൂപ്പർ ലീഗ് ഒക്ടോബർ 25ആം തീയതിയാണ് തുടക്കമാവുക. ഏപ്രിൽ മുപ്പതാം തീയതി വരെ ഐഎസ്എൽ ഉണ്ടാവും. ഇത്തവണ നീണ്ട കാലയളവ് തന്നെ നമുക്ക് ഐഎസ്എൽ കാണാൻ സാധിക്കും.അതേ സമയത്ത് തന്നെ സെക്കൻഡ് ഡിവിഷനായ ഐ ലീഗും നടക്കുന്നുണ്ട്. ഒക്ടോബർ 19 ആം തീയതി മുതൽ ഏപ്രിൽ മുപ്പതാം തീയതി വരെയാണ് ഐ ലീഗ് നടക്കുക.ഇതിനിടെ സന്തോഷ് ട്രോഫി മത്സരങ്ങളും നടക്കുന്നുണ്ട്.ഡിസംബർ ഒന്നാം തിയ്യതി മുതൽ പതിനഞ്ചാം തിയ്യതി വരെയാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുക. കൂടാതെ ഇന്ത്യൻ വിമൻസ് ലീഗിന്റെ തീയതികളും പുറത്തേക്ക് വന്നിട്ടുണ്ട്.
ഒക്ടോബർ 19 ആം തീയതി മുതൽ ഏപ്രിൽ മുപ്പതാം തീയതി വരെയാണ് ഇന്ത്യൻ വിമൻസ് ലീഗ് നടക്കുക. ഇതാണ് അടുത്ത സീസണിന്റെ ഘടന. മാത്രമല്ല ഫെഡറേഷൻ കപ്പിനെ തിരികെ കൊണ്ടുവരാനും AIFF ന് പദ്ധതികൾ ഉണ്ട്.അങ്ങനെയാണെങ്കിൽ ഒക്ടോബർ ഒന്നാം തീയതി മുതലായിരിക്കും ഫെഡറേഷൻ കപ്പ് ആരംഭിക്കുക. ഇതേ സമയത്ത് തന്നെ സൂപ്പർ കപ്പ് നടത്താനുള്ള സാധ്യതകളും അവിടെ അവശേഷിക്കുന്നുണ്ട്. ചുരുക്കത്തിൽ നിരവധി മത്സരങ്ങൾ നമുക്ക് അടുത്ത സീസണിൽ ഇന്ത്യൻ ഫുട്ബോൾ കാണാൻ കഴിയും.
കൂടുതൽ മികച്ച രീതിയിലേക്ക് ഇന്ത്യൻ ഫുട്ബോളിന്റെ സീസണും അതിന്റെ ഘടനയും മാറുന്നതാണ് നമുക്കിപ്പോൾ കാണാൻ കഴിയുന്നത്.അത് തീർച്ചയായും ഗുണകരമാകുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വരുന്ന സീസണുകൾ പ്രാധാന്യത്തോടെ കൂടി ഉറ്റു നോക്കുന്ന ഒന്നാണ്. ഇതുവരെ കിരീട വരൾച്ചക്ക് വിരാമമിടാൻ കഴിയാത്ത ക്ലബ്ബ് ടൂർണമെന്റുകൾ ഒക്കെ സീരിയസായി കൊണ്ടുതന്നെ പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.