ബ്ലാസ്റ്റേഴ്സ് കോച്ച് വെർണർക്ക് പിന്നാലെ AIFFനെ ട്രോളി മുംബൈ താരം ഗ്രിഫിത്ത്സും,ഐഎസ്എൽ ഫിക്സ്ച്ചർ ഇറക്കാത്തതിൽ വ്യാപക പ്രതിഷേധം.
2024/25 സീസണിലേക്കുള്ള ഇന്ത്യൻ ഫുട്ബോളിന്റെ കൃത്യമായ രൂപരേഖ ദിവസങ്ങൾക്ക് മുൻപ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 26നാണ് പുതിയ സീസണിന് തുടക്കമാവുക.ഡ്യൂറന്റ് കപ്പാണ് അരങ്ങേറുക.അതേസമയം ഒക്ടോബർ 25 തീയതിയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുക. ഏപ്രിൽ മുപ്പതാം തീയതി വരെ അത് നീളും.
എന്നാൽ ഇതിനെ ട്രോളി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിറ്റ്നസ് പരിശീലകനായ വെർണർ മാർടെൻസ് രംഗത്ത് വന്നിരുന്നു.ആദ്യം അവരോട് ഈ സീസണിലെ ഫിക്സ്ചർ പുറത്തുവിടാൻ പറയൂ എന്നായിരുന്നു അദ്ദേഹം കമന്റ് ആയി കൊണ്ട് എഴുതിയിരുന്നത്.കൂടെ ചിരിക്കുന്ന ഇമോജി നൽകിയിരുന്നു. അതായത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെക്കൻഡ് ലെഗ് ഫിക്സ്ച്ചറുകൾ ഇപ്പോഴും പുറത്തുവിടാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
നിലവിൽ കലിംഗ സൂപ്പർ കപ്പ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഐഎസ്എല്ലിൽ അവശേഷിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂളുകൾ ഇവർ പുറത്തുവിടാത്തതു വലിയ തലവേദനയാണ് താരങ്ങൾക്കും പരിശീലകർക്കും ഉണ്ടാക്കിയിട്ടുള്ളത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി മൂന്നാം തീയതി ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷേ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ നടത്താൻ AIFF ന് സാധിച്ചിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് പിന്നാലെ മുംബൈ സിറ്റിയുടെ സൂപ്പർതാരമായ റോസ്റ്റിൻ ഗ്രിഫിത്ത്സും ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇതൊക്കെ ശരി തന്നെ,നല്ലതുമാണ്,പക്ഷേ ഈ സീസണിലെ മത്സരങ്ങൾ ഇനി ഞങ്ങൾ എപ്പോൾ കളിക്കണം എന്ന് ആദ്യം അറിയായുന്നതല്ലേ ഇതിനേക്കാൾ മനോഹരമായ കാര്യം എന്നാണ് റോസ്റ്റിൻ ചോദിച്ചിട്ടുള്ളത്. തന്റെ ട്വിറ്ററിൽ എഴുതുകയായിരുന്നു അദ്ദേഹം.
AIFF ബാക്കിവരുന്ന ഐഎസ്എൽ മത്സരങ്ങളുടെ ഷെഡ്യൂളുകൾ പ്രസിദ്ധീകരിക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടുതൽ പേർ ഇതിനെതിരെ പ്രതിഷേധം ഉയർത്തുകയാണ്. ഏതായാലും അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു തീരുമാനം ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.