മെസ്സിയും സുവാരസ്സും ഒരുമിച്ച് നോക്കിയിട്ടും ഫലമുണ്ടായില്ല,ഇന്റർ മയാമിയുടെ കഷ്ടകാലം തുടരുന്നു.
ഈ സീസണിലെ ആദ്യ ഫ്രണ്ട്‌ലി മത്സരത്തിൽ ഇന്റർ മയാമി സമനില വഴങ്ങിയിരുന്നു.എൽ സാൽവദോറിന്റെ ദേശീയ ടീമായിരുന്നു ഇന്റർ മയാമിയെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നത്. മത്സരത്തിൽ ലയണൽ മെസ്സിയും സുവാരസ്സും ഇറങ്ങിയിരുന്നു. എന്നാൽ ഗോളടിക്കാനാവാതെ മയാമിക്ക് തിരിച്ചടിയാവുകയായിരുന്നു.
ആ തിരിച്ചടി ഇപ്പോഴും തുടരുകയാണ്. അതായത് ഇന്ന് നടന്ന തങ്ങളുടെ രണ്ടാമത്തെ സൗഹൃദ മത്സരത്തിൽ മയാമി പരാജയപ്പെട്ടിട്ടുണ്ട്. അമേരിക്കൻ ക്ലബ്ബായ ഡല്ലാസ് എഫ്സിയാണ് ഇന്റർ മയാമിയെ തോൽപ്പിച്ചിട്ടുള്ളത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മയാമി പരാജയപ്പെട്ടിട്ടുള്ളത്. ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഒരുമിച്ച് ശ്രമിച്ചിട്ടും മയാമിക്ക് തോൽവി ഒഴിവാക്കാനായില്ല.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സിയും സുവാരസ്സും ഉണ്ടായിരുന്നു. മാത്രമല്ല ആൽബയും ബുസ്ക്കെറ്റ്സും ഉണ്ടായിരുന്നു. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എതിരാളികൾ ഗോൾ നേടി.മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ അരിയോളയുടെ അസിസ്റ്റിൽ നിന്നും ഫെരെയ്ര ഗോൾ നേടുകയായിരുന്നു.ഈ ഗോളിലാണ് ഡല്ലാസ് എഫ്സി വിജയം സ്വന്തമാക്കിയത്.മത്സരത്തിൽ മികച്ച പ്രകടനം മെസ്സി നടത്തിയിരുന്നു. പക്ഷേ വിലങ്ങു തടിയായി നിലകൊണ്ടത് ഡല്ലാസ് എഫ്സിയുടെ ഗോൾകീപ്പർ തന്നെയാണ്.
മെസ്സിയുടെ കിടിലൻ ഗോൾ ശ്രമങ്ങൾ അദ്ദേഹം തടയുകയായിരുന്നു. രണ്ടാം പകുതിയിൽ കുറച്ച് സമയം കളിച്ച് മെസ്സിയും സുവാരസും പിൻവാങ്ങുകയും ചെയ്തു. ഏതായാലും മയാമിയെ സംബന്ധിച്ചിടത്തോളം അവർക്ക് ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഉണ്ട് എന്നുള്ളത് വ്യക്തമാണ്. ഇനി മെസ്സിയുടെ ക്ലബ്ബ് സൗദി അറേബ്യൻ ടൂറാണ് നടത്തുന്നത്.
ആദ്യ മത്സരത്തിൽ അൽ ഹിലാലിനെയും പിന്നീട് നടക്കുന്ന മത്സരത്തിൽ അൽ നസ്റിനെയും ഇന്റർ മയാമി നേരിടും.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മുഖാമുഖം വരുന്നു എന്ന പ്രത്യേകത അൽ നസ്റും മയാമിയും തമ്മിലുള്ള മത്സരത്തിനുണ്ട്. ആ മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.ഫെബ്രുവരി ഒന്നാം തീയതിയാണ് ആ മത്സരം നടക്കുക.