ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ഏറെ പിറകിലേക്ക്, താൻ മാന്ത്രികൻ അല്ലെന്ന് ഇഗോർ സ്റ്റിമാച്ച്.
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും പരാജയം ഏറ്റുവാങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയെ സിറിയ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ നേടിയ ഗോളാണ് സിറിയക്ക് വിജയവും പ്രീ ക്വാർട്ടർ ടിക്കറ്റും സമ്മാനിച്ചത്.ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു.
ആകെ കളിച്ച മൂന്നു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഈ മൂന്നു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞില്ല. എന്തിനേറെ പറയുന്നു ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞില്ല.ആറ് ഗോളുകൾ വഴങ്ങുകയും ചെയ്തു. വളരെ മോശം പ്രകടനം തന്നെയാണ് ഇന്ത്യ നടത്തിയത് എന്നത് ഇതിൽ നിന്നും വളരെ വ്യക്തമാണ്.
പുതിയ ഫിഫ റാങ്കിംഗ് വരുമ്പോൾ അതിൽ വലിയ തിരിച്ചടി ഇന്ത്യക്ക് ലഭിക്കുമെന്ന് ഫൂട്ടി റാങ്കിംഗ്സ് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.102ആം സ്ഥാനത്ത് നിന്ന് ഇന്ത്യ പുറകിലേക്ക് പോകും. 117ആം സ്ഥാനത്തായിരിക്കും ഇന്ത്യ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 15 പോയിന്റിന് മുകളിൽ ഇന്ത്യക്ക് നഷ്ടം സംഭവിക്കുകയും ചെയ്യും.
ഇന്ത്യയുടെ പരിതാപകരമായ പ്രകടനത്തിൽ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. താൻ മാന്ത്രികനല്ല എന്നാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.’ എന്റെ കയ്യിൽ മാന്ത്രിക ദണ്ഡൊന്നുമില്ല. ഞാൻ ഒരു മജീഷ്യനുമല്ല.ഞാൻ ഹാർഡ് വർക്ക് ചെയ്യുന്ന ഒരു വ്യക്തിയാണ്.കാര്യങ്ങളെ നമുക്ക് മാറ്റിമറിക്കണമെങ്കിൽ ക്ഷമ ആവശ്യമാണ്. ഫുട്ബോളിൽ ഒരൊറ്റ രാത്രി കൊണ്ട് നല്ല കാര്യങ്ങൾ സംഭവിക്കില്ല’ ഇതാണ് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.
ഈ പരിശീലനെതിരെ വ്യാപക പ്രതിഷേധം ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ഉയരുന്നുണ്ട്.വർഷങ്ങളോളം സമയം കിട്ടിയിട്ടും ഇന്ത്യൻ ഫുട്ബോളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് ആരാധകർ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് സ്റ്റിമാച്ചിനെ പുറത്താക്കി പുതിയ പരിശീലകനെ നിയമിക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.