വർഷം 30 കഴിഞ്ഞു, ഇപ്പോഴും കേരള ഫുട്ബോളിന് ഒരു മാറ്റവുമില്ല :തുറന്ന് പറഞ്ഞ് AIFF പ്രസിഡന്റ് കല്യാൺ ചൗബേ
കേരളത്തിന്റെ ഫുട്ബോൾ ആരവം ലോകമെമ്പാടും പ്രശസ്തമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് കേരള ഫുട്ബോൾ ആരാധകർ പല അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടം നേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് എന്ന് ഒരു സംശയവും ഇല്ലാതെ പറയാൻ നമുക്ക് സാധിക്കും. അതിന്റെ ഗുണങ്ങൾ ഇന്ത്യൻ ഫുട്ബോളിന് പോലും ലഭിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യൻ ദേശീയ ടീമിനെ പിന്തുണക്കാൻ ഏഷ്യൻ കപ്പിൽ എത്തിയ ആരാധകരിൽ ഭൂരിഭാഗവും മലയാളികളാണ്. ഇന്ത്യൻ ഫുട്ബോളിലെ എല്ലാതലത്തിലും ഏറ്റവും കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ് എന്ന് തന്നെ പറയേണ്ടി വരും. മാത്രമല്ല ഫുട്ബോളിനെ ശക്തിപ്പെടുത്താൻ വേണ്ടി ഗവൺമെന്റ് വിപുലമായ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. വെറും വാഗ്ദാനങ്ങൾ മാത്രമായി ഒതുങ്ങാതെ അതെല്ലാം നടപ്പിലായി കഴിഞ്ഞാൽ വലിയ വളർച്ച തന്നെ വരും വർഷങ്ങളിൽ കൈവരിക്കാൻ കേരള ഫുട്ബോളിന് സാധിക്കും.
ഇപ്പോഴിതാ AIFF ന്റെ പ്രസിഡണ്ടായ കല്യാൺ ചൗബേ കേരള ഫുട്ബോളിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. 30 വർഷങ്ങൾക്കു മുന്നേയുള്ള അതേ ആരവം ഇപ്പോഴും കേരളത്തിലുണ്ട് എന്നാണ് ചൗബേ പറഞ്ഞിട്ടുള്ളത്.ഐഎം വിജയനെ പോലെയുള്ള ഇതിഹാസങ്ങൾ ഇനിയും കേരളത്തിൽ നിന്നും പിറക്കേണ്ടതുണ്ടെന്നും ഈ മുൻ ഗോൾ കീപ്പർ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഞാൻ 90 കളിൽ കേരളത്തിലേക്ക് കളിക്കാൻ വന്നിട്ടുണ്ട്.ആ സമയത്ത് എഫ്സി കൊച്ചിയുടെ മത്സരങ്ങൾക്കുള്ള സ്റ്റേഡിയം നിറഞ്ഞ് കവിയുമായിരുന്നു. അന്ന് എഫ്സി കൊച്ചി ആയിരുന്നെങ്കിൽ ഇന്നത് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയുമാണ്. കേരള ഫുട്ബോൾ ആരാധകർ അന്നും ഇന്നും ഒരുപോലെയാണ്. ഇനിയും കേരളം കൂടുതൽ ഇന്ത്യൻ ഫുട്ബോളിന് കോൺട്രിബ്യൂട്ട് ചെയ്യേണ്ടതുണ്ട്. ഐ എം വിജയൻ,ഷറഫലി,ജോപോൾ അഞ്ചേരി,സത്യൻ എന്നിവരെപ്പോലെയുള്ള ഇതിഹാസങ്ങൾ ഇനിയും കേരളത്തിൽ നിന്നും ഉദയം ചെയ്തു വരേണ്ടതുണ്ട്,ഇതാണ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഇന്ത്യൻ നാഷണൽ ടീമിന്റെ ഭാഗമായി കൊണ്ട് ഇപ്പോഴും മലയാളി താരങ്ങൾ സജീവമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമികളിൽ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ ഉദയം ചെയ്യുന്നുണ്ട്.ഭാവിയിൽ കൂടുതൽ സൂപ്പർതാരങ്ങൾ കേരളത്തിൽ നിന്നും ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.