കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ പുതിയ താരം എന്നാണ് ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുക?
കേരള ബ്ലാസ്റ്റേഴ്സ് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. എടുത്തു പറയാവുന്ന മാറ്റം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനെ എത്തിച്ചു എന്നുള്ളത് തന്നെയാണ്.ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ ചെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.അദ്ദേഹം ടീമിനോടൊപ്പം തന്നെ അരങ്ങേറ്റത്തിന് വേണ്ടി തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്.
പിന്നെ സംഭവിച്ച മറ്റൊരു മാറ്റം ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരളയിൽ കളിച്ചിരുന്ന ജസ്റ്റിൻ ഇമ്മാനുവലിനെ തിരികെ വിളിച്ചു എന്നുള്ളതാണ്.പെപ്രക്ക് പരിക്കേറ്റതോട് കൂടിയാണ് ഇദ്ദേഹത്തെ തിരികെ വിളിക്കാൻ ക്ലബ്ബ് നിർബന്ധിതരായത്.ഈ സീസണിൽ ഇനി പെപ്ര കളിക്കില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സ് തന്നെ സ്ഥിരീകരിച്ചിരുന്നു.അത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
രണ്ട് താരങ്ങളാണ് ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുള്ളത്.ബ്രയിസ് മിറാണ്ട പോയിട്ടുള്ളത് പഞ്ചാബ് എഫ്സിയിലേക്കാണ്.അദ്ദേഹം പക്ഷേ ലോൺ അടിസ്ഥാനത്തിൽ മാത്രമാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്. അതേസമയം ബിദ്യസാഗർ സിംഗ് ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരമില്ല എന്നുള്ളത് ക്ലബ് തന്നെ സ്ഥിരീകരിച്ചിരുന്നു.
ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിവസം കേരള ബ്ലാസ്റ്റേഴ്സ് ഒരു താരത്തെക്കൂടി സ്വന്തമാക്കിയിരുന്നു. ഐ ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്സിയുടെ താരമായ ലാൽതൻമാവിയയെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹവുമായി പ്രീ എഗ്രിമെന്റിൽ എത്തുകയാണ് ക്ലബ്ബ് ചെയ്തിട്ടുള്ളത്. ഇന്ത്യൻ മാധ്യമമായ 90nd സ്റ്റോപ്പേജാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
21 വയസ്സുള്ള ഇദ്ദേഹം മിസോറാം താരമാണ്.മുന്നേറ്റ നിരയിലാണ് കളിക്കുന്നത്. അടുത്ത സീസണിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ജോയിൻ ചെയ്യുക. മൂന്നുവർഷത്തെ ഒരു കരാറിലാണ് അദ്ദേഹം ഒപ്പുവെക്കുന്നത്.അമാവിയ എന്നറിയപ്പെടുന്ന ഈ താരം ഐ ലീഗിൽ ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ഭാവിയിലേക്ക് ഒരു മികച്ച താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു. പക്ഷേ ഇത്തരം പ്രതിഭകളെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് മാത്രം.