എപ്പോഴും പിഴവ് വരുത്തിവെച്ച ശേഷം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു:വുക്മനോവിച്ചിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരെയാണ് ലക്ഷ്യം വെക്കുന്നത്?
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.ദിമി നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ ഇരട്ട ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി നൽകുകയായിരുന്നു.
തുടർച്ചയായ മൂന്നാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വഴങ്ങിയത്. കലിംഗ സൂപ്പർ കപ്പിൽ നടന്ന അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു ചെയ്തിരുന്നത്.ഈ തോൽവികൾ ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. മികച്ച രൂപത്തിൽ സീസൺ തുടങ്ങിയ ക്ലബ്ബ് ഇപ്പോൾ മോശമായി കൊണ്ടിരിക്കുകയാണോ എന്ന ആശങ്കയാണ് പ്രധാനമായും ആരാധകരെട്ടുന്നത്. കഴിഞ്ഞ സീസണിലൊക്കെ ഈ പ്രശ്നം ആരാധകരെ അലട്ടിയിരുന്നു.
ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് ദുരൂഹമായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ആദ്യം അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം,ശരിക്കും ലീഡർ അല്ലാത്ത ചില താരങ്ങൾ ലീഡർമാരാവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.ഒരു മിസ്റ്റേക്കിന് ശേഷം എപ്പോഴും മറ്റുള്ള താരങ്ങളെ അതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നു. ശരിക്കുള്ള ലീഡർമാരാണെങ്കിൽ മറ്റുള്ള താരങ്ങളും മിസ്റ്റേക്കുകൾ വരുത്തും എന്നത് ഉൾക്കൊള്ളുകയാണ് ചെയ്യുക, ഇതായിരുന്നു വുക്മനോവിച്ച് എഴുതിയിരുന്നത്.
ആരെയാണ് വുക്മനോവിച്ച് ലക്ഷ്യം വെച്ചത് എന്ന കാര്യത്തിലാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചകൾ തുടരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര താരമായ ദിമിയെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പോസ്റ്റ് എന്നാണ് ഭൂരിഭാഗം ആരാധകരും കണ്ടെത്തിയിട്ടുള്ളത്. മറ്റുള്ള താരങ്ങളെ കുറ്റപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദിമി.അത് നമുക്ക് കളിക്കളത്തിൽ പലപ്പോഴും കാണാൻ കഴിയും. എന്നാൽ ചിലർ കണ്ടെത്തിയിരിക്കുന്നത് ലെസ്ക്കോവിച്ചിനെയാണ്.ലെസ്ക്കോവിചിനും ഇത്തരത്തിലുള്ള ഒരു പ്രവണത ഉണ്ട് എന്നത് ചിലർ നിരീക്ഷിക്കുന്നു.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സിനകത്തു കാര്യങ്ങൾ അത്ര നല്ല നിലയിലല്ല എന്ന് വേണം അനുമാനിക്കാൻ. തന്റെ താരങ്ങളോടുള്ള വിയോജിപ്പ് വുക്മനോവിച്ച് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. തികച്ചും ദുരൂഹമായ ഈ പോസ്റ്റിന്റെ അർത്ഥങ്ങൾ ചികഞ്ഞു കൊണ്ടിരിക്കുകയാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർ.ടീമിനകത്ത് ആന്തരികമായ പ്രശ്നങ്ങൾ എന്തൊക്കെ ഉണ്ടെങ്കിലും അതൊക്കെ പരിഹരിക്കപ്പെട്ട് മികച്ച രൂപത്തിലേക്ക് ബ്ലാസ്റ്റേഴ്സ് മാറും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.