ഇതിനൊക്കെ കാരണം ഇവാൻ വുക്മനോവിച്ചാണ്: സച്ചിൻ സുരേഷ് വിശദീകരിക്കുന്നു
കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് തന്നെയാണ്. ആദ്യ സീസണൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കാലിടറുകയായിരുന്നു.കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ ആണ് ബ്ലാസ്റ്റേഴ്സ് പുറത്തായിട്ടുള്ളത്.ഇവാൻ വുക്മനോവിച്ചിന് കീഴിൽ കിരീടങ്ങൾ ഒന്നും നേടാനായിട്ടില്ലെങ്കിലും മോശമല്ലാത്ത പ്രകടനം ക്ലബ്ബ് പുറത്തെടുത്തിട്ടുണ്ട്.
ഈ സീസണിലും അങ്ങനെ തന്നെയാണ്.ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം തുടക്കം തൊട്ടേ പുറത്തെടുത്തിട്ടുണ്ട്. ആദ്യഘട്ടം പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ഫിനിഷ് ചെയ്തിരുന്നു. പക്ഷേ സൂപ്പർ കപ്പിലും ഇന്ത്യൻ സൂപ്പർ ലീഗിലുമായി അവസാനമായി കേരള ബ്ലാസ്റ്റേഴ്സ് കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. നാളത്തെ മത്സരത്തിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിക്കൊണ്ട് ഇതിൽനിന്നും കരകയറൽ നിർബന്ധമാണ്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധി പരുക്കുകൾ തന്നെയാണ്.പല പ്രധാനപ്പെട്ട താരങ്ങളെയും ഓരോ സമയത്തും ബ്ലാസ്റ്റേഴ്സിനും നഷ്ടമായിരുന്നു.അഡ്രിയാൻ ലൂണക്ക് പുറമേ പെപ്രയെ കൂടി കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്. ഈ പരിക്കുകൾക്കിടയിലും മികച്ച പ്രകടനം നടത്താൻ കഴിയുന്നതിന്റെ കാരണം ഇവാൻ വുക്മനോവിച്ച് ആണ് എന്നത് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായ സച്ചിൻ സുരേഷ് പറഞ്ഞിട്ടുണ്ട്.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് ഇഞ്ചുറികൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു,അതിനിടയിലും ഞങ്ങൾ മികച്ച പ്രകടനം നടത്തി. ടോപ്പിൽ തന്നെ തുടർന്നു. അതിന്റെ കാരണങ്ങളിൽ ഒന്ന് പരിശീലകൻ വുക്മനോവിച്ച് തന്നെയാണ്.അദ്ദേഹത്തിന് വലിയ റോൾ അതിലുണ്ട്,ഇതാണ് സച്ചിൻ സുരേഷ് പറഞ്ഞിട്ടുള്ളത്.
നാളെ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കലൂരിൽ വച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.ലക്ഷ്യം ഷീൽഡ് ആണെങ്കിൽ മത്സരത്തിൽ നിർബന്ധമായും വിജയിക്കേണ്ടതുണ്ട്.