ഫ്രാങ്ക് ഡോവൻ ക്ലബ് വിട്ടതെന്തിന്? ബ്ലാസ്റ്റേഴ്സ് കറുത്ത ബാൻഡ് അണിഞ്ഞത് എന്ത്കൊണ്ട്?
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ തോൽവി. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനങ്ങളിലുള്ള പഞ്ചാബിനോട് ഇത്രയും വലിയ ഒരു തോൽവി, അതും സ്വന്തം മൈതാനത്ത് തോൽക്കേണ്ടി വരുമെന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിച്ചിരുന്നില്ല.ടീമിന്റെ ദയനീയമായ അവസ്ഥയാണ് ഇത് കാണിക്കുന്നത്.
അവസാനമായി കളിച്ച നാല് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിൽ ഒരു ഗോളിന്റെ ലീഡ് എടുത്ത ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ വുക്മനോവിച്ച് ടീമിന്റെ മോശം പ്രകടനം തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് കരിയറിലെ ഏറ്റവും മോശം പ്രകടനം എന്നാണ് വുക്മനോവിച്ച് ഇതേക്കുറിച്ച് പറഞ്ഞത്.
ഈ തോൽവിക്കിടയിൽ ആരാധകർ ശ്രദ്ധിച്ച മറ്റൊരു കാര്യം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബ്ലാക്ക് ബാൻഡ് അണിഞ്ഞിരുന്നു.അത് എന്തുകൊണ്ടാണ് എന്നത് ആരാധകർ അന്വേഷിച്ചിരുന്നു. അതിന്റെ കാരണം മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ക്ലബ്ബിന്റെ സഹപരിശീലകനായ ഫ്രാങ്ക് ഡോവന്റെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞിട്ടുണ്ട്. അവരുടെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ബ്ലാക്ക് ബാൻഡ് അണിഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരം അവസാനിച്ച ഉടനെ തന്നെ ഫ്രാങ്ക് ഡോവൻ ക്ലബ്ബ് വിടുകയും നാട്ടിലേക്ക് പോകുകയും ചെയ്തിട്ടുണ്ട്.എന്നാണ് അദ്ദേഹം തിരികെ എത്തുക എന്നത് വ്യക്തമല്ല.ഈ സീസണിന്റെ തുടക്കത്തിലെ ചില മത്സരങ്ങൾ പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് വിലക്ക് കാരണം നഷ്ടമായിരുന്നു. അന്ന് ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത് ഡോവനായിരുന്നു എന്നത് മാത്രമല്ല വളരെ മികച്ച രീതിയിൽ അദ്ദേഹം കാര്യങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.
ഏതായാലും അവസാനത്തെ നാല് മത്സരങ്ങളിലും പരാജയപ്പെട്ടത് ക്ലബ്ബിനകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത മത്സരം ചെന്നൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.ആ മത്സരത്തിൽ എങ്കിലും തിരിച്ചു വരേണ്ടതുണ്ട്. ഇന്നലത്തെ തോൽവിയോടുകൂടി ക്ലബ്ബിന്റെ ഷീൽഡ് മോഹങ്ങൾ ഏതാണ്ട് അവസാനിച്ചിട്ടുണ്ട്.