കൂനിന്മേൽ കുരു,സച്ചിനും ലെസ്കോയും പരിക്കേറ്റ് പുറത്ത്, ഗുരുതരമാണോ എന്ന കാര്യത്തിൽ അപ്ഡേറ്റുകൾ നൽകി കോച്ച്.
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ വീണ്ടും പരാജയം ഏറ്റുവാങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിൻ എഫ്സി പരാജയപ്പെടുത്തിയത്.മരീന അരീനയിൽ വെച്ച് നടന്ന മത്സരത്തിൽ സാങ്ങ്വാൻ നേടിയ ഗോളാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്.
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരുപാട് താരങ്ങളെ പരിക്ക് മൂലം നഷ്ടമായിട്ടുണ്ട്.കൂനിന്മേൽ കുരു എന്നോണം ഇന്നലത്തെ മത്സരത്തിലും രണ്ട് പ്രധാനപ്പെട്ട താരങ്ങൾ നഷ്ടമായി.ഗോൾകീപ്പർ സച്ചിൻ സുരേഷ്, പ്രതിരോധ നിര താരം മാർക്കോ ലെസ്ക്കോവിച്ച് എന്നിവരാണ് പരിക്കു മൂലം കളം വിട്ടത്.രണ്ടുപേരും കളം വിടുന്ന സമയത്ത് പരിക്ക് ഗുരുതരമാണ് എന്ന് തോന്നലാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.അത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഷോൾഡർ ഇഞ്ചുറിയാണ് സച്ചിൻ സുരേഷിന് ഏറ്റിട്ടുള്ളത്. അതേസമയം മുടന്തി കൊണ്ടാണ് ലെസ്ക്കോ കളം വിട്ടിട്ടുള്ളത്.ഈ രണ്ട് താരങ്ങളുടെയും പരിക്കിന്റെ കാര്യത്തിലുള്ള പ്രാഥമിക വിവരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. അദ്ദേഹം നൽകിയിട്ടുള്ള വിവരങ്ങൾ ഇപ്രകാരമാണ്.
ലെസ്ക്കോവിച്ചിന് വളരെ കഠിനമായ ഒരു കിക്ക് ലഭിക്കുകയായിരുന്നു.അതിനുശേഷം നോർമലായ രീതിയിൽ നടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ റിസ്ക് എടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല.അതുകൊണ്ടാണ് പിൻവലിച്ചത്. പരിക്ക് അത്ര പ്രശ്നമല്ലെങ്കിൽ തീർച്ചയായും അടുത്ത മത്സരങ്ങളിൽ അദ്ദേഹം ഉണ്ടാവുക തന്നെ ചെയ്യും. സച്ചിൻ സുരേഷിന്റെ ഷോൾഡർ സ്ഥാനം തെറ്റുകയാണ് ചെയ്തിട്ടുള്ളത്. അതാണ് സാധ്യതകൾ. പക്ഷേ ഞങ്ങൾക്ക് MRI ടെസ്റ്റ് നടത്തേണ്ടതുണ്ട്.ജീക്സൺ സിങ്ങിന് നാലു മാസങ്ങൾക്കു മുന്നേ ഇതേ പരിക്കാണ് ഏറ്റത്. സർജറി വേണോ വേണ്ടയോ എന്നുള്ളതാണ് ഇനി ഞങ്ങൾക്ക് അറിയേണ്ടത്,വുക്മനോവിച്ച് പറഞ്ഞു.
സച്ചിന് സർജറി ആവശ്യമാണെങ്കിൽ ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. അതേസമയം ലെസ്ക്കോ എപ്പോൾ തിരിച്ചെത്തും എന്ന കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല. ചുരുക്കത്തിൽ എല്ലാംകൊണ്ടും കേരള ബ്ലാസ്റ്റേഴ്സ് തകർന്നടിഞ്ഞിരിക്കുകയാണ്. ഇനിയൊരു തിരിച്ചു വരവ് വളരെ ബുദ്ധിമുട്ടായിരിക്കും.