ഗോവ കേരളത്തിന് ഒരു തടസ്സം തന്നെ,ഇന്നലെ വീണ്ടും പരാജയപ്പെട്ടു.
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സന്തോഷ് ട്രോഫിയിലെ ആദ്യം മത്സരത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു കേരളം ആസാമിനെ പരാജയപ്പെടുത്തിയത്.എന്നാൽ ഇന്നലെയായിരുന്നു രണ്ടാം മത്സരം നടന്നിരുന്നത്.രണ്ടാം മത്സരത്തിൽ കേരളത്തിലെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
കരുത്തരായ ഗോവയാണ് ഒരിക്കൽ കൂടി കേരളത്തെ പരാജയപ്പെടുത്തിയിട്ടുള്ളത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗോവ കേരളത്തെ തോൽപ്പിച്ചിട്ടുള്ളത്.നേരത്തെ യോഗ്യത റൗണ്ടിലും കേരളത്തെ പരാജയപ്പെടുത്താൻ ഗോവക്ക് സാധിച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും കേരളം ഗോവയോട് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പരാജയപ്പെട്ടിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളും രണ്ടാം പകുതിയിൽ ഒരു ഗോളുമാണ് ഗോവ നേടിയിട്ടുള്ളത്. അവരുടെ മിന്നും താരം മെറിസോ ഫെർണാണ്ടസാണ് ഈ രണ്ടു ഗോളുകളും നേടിയത്.മത്സരത്തിൽ മികച്ച പ്രകടനം കേരളം നടത്തിയിരുന്നു,പ്രത്യേകിച്ച് ആക്രമണങ്ങൾ അഴിച്ചുവിടാൻ കഴിഞ്ഞിരുന്നു. പക്ഷേ ഗോളുകൾ നേടാൻ സാധിക്കാതെ പോയത് തിരിച്ചടിയാവുകയായിരുന്നു.
ഗ്രൂപ്പ് എയിൽ 6 ടീമുകളാണ് ഉള്ളത്.രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നത് സർവീസസാണ്.കളിച്ച രണ്ടു മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്. അതേസമയം ഒരു സമനിലയും ഒരു വിജയവും നേടിയ ഗോവ നാല് പോയിന്റാണ് നേടിയിട്ടുള്ളത്. കേരളത്തിന്റെ സമ്പാദ്യം മൂന്ന് പോയിന്റാണ്. അരുണാചൽ പ്രദേശിൽ വച്ചുകൊണ്ടാണ് ഇത്തവണത്തെ സന്തോഷ് ട്രോഫി നടക്കുന്നത്. ഇനി അടുത്ത മത്സരത്തിൽ കേരളത്തിന്റെ എതിരാളികൾ മേഘാലയയാണ്.