ചെർനിച്ച് ഓക്കേയല്ല! എന്നിട്ടും അദ്ദേഹം കാഴ്ച്ചവെച്ച പോരാട്ട വീര്യം: യുവതാരങ്ങൾക്ക് ചെർനിച്ച് ഒരു മാതൃകയാണെന്ന് വുക്മനോവിച്ച്
അസാധാരണമായ ഒരു പ്രകടനമാണ് ഇന്നലത്തെ ഐഎസ്എൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സ് വഴങ്ങിയിരുന്നു. അതോടെ മത്സരം കൈവിട്ടുവെന്ന് പലരും കരുതി. പക്ഷേ രണ്ടാം പകുതിയിൽ വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് സംഭവിച്ചത്. നാലു ഗോളുകൾ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ 4 ഗോളുകൾ വെറുതെ പിറന്ന ഒന്നല്ല. മറിച്ച് കഠിനാധ്വാനത്തിന്റെ ഫലമാണ്,നിരന്തരം ആക്രമണങ്ങൾ നടത്തിയതിന്റെ ഫലമാണ്.സക്കായുടെ ഫ്രീകിക്ക് ഗോളും ദിമിയുടെ ഇരട്ട ഗോളുകളും ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിൽ ആറാടിച്ചു. എന്നാൽ യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചത് ചെർനിച്ചിന്റെ ഗോളിലാണ്.ദിമിയും ചെർനിച്ചും നടത്തിയ മുന്നേറ്റം ചെർനിച്ച് ഒരു കരുത്തുറ്റ ഷോട്ടിലൂടെ ഫിനിഷ് ചെയ്തപ്പോൾ കൊച്ചി സ്റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു. ബുദ്ധിമുട്ടുള്ള ഒരു ആംഗിളിൽ നിന്നാണ് അദ്ദേഹം ആ ഗോൾ നേടിയിട്ടുള്ളത്.
ഇവാൻ വുക്മനോവിച്ച് പോലും ഈ സെലിബ്രേഷനിൽ ജോയിൻ ചെയ്യുകയായിരുന്നു. മത്സരത്തിൽ വളരെയധികം ഹാർഡ് വർക്ക് ചെയ്ത ഒരു താരമാണ് ചെർനിച്ച്. അദ്ദേഹത്തിന്റെ ആ മെന്റാലിറ്റിയെ പരിശീലകൻ വുക്മനോവിച്ച് പ്രശംസിച്ചിട്ടുണ്ട്.100 ശതമാനം ഓക്കേ അല്ലാഞ്ഞിട്ടും ചെർനിച്ച് നടത്തിയ പോരാട്ടവീര്യം പ്രശംസനീയമാണ് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെഡോർ ചെർനിച്ച് ഇപ്പോഴും 100% ഓക്കേ അല്ല. പക്ഷേ അദ്ദേഹം ടീമിന് കോൺട്രിബ്യൂട്ട് ചെയ്യുന്ന രീതികൾ പ്രശംസനീയമാണ്.നന്നായി ഓടുന്നു,ഫൈറ്റ് ചെയ്യുന്നു,യുവതാരങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. യുവതാരങ്ങൾക്ക് മാതൃകയാക്കാൻ പറ്റിയ ഒരു താരമാണ് ചെർനിച്ച്. ഇതാണ് വുക്മനോവിച്ച് താരത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയിലെ ആദ്യ ഗോളാണ് ഇപ്പോൾ ചെർനിച്ച് സ്വന്തമാക്കിയിട്ടുള്ളത്. താരം ഗോളടിച്ചത് ആരാധകർക്ക് വളരെയധികം സന്തോഷം പകരുന്ന കാര്യമാണ്.അഡ്രിയാൻ ലൂണയുടെ പകരക്കാരനായി കൊണ്ടാണ് അദ്ദേഹത്തെ ക്ലബ്ബ് കൊണ്ടുവന്നത്.ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള ഒരു കോൺട്രാക്ട് ആണ് അദ്ദേഹത്തിന് അവശേഷിക്കുന്നത്.