ഇവാന് 10 മത്സരം,മനോളോക്ക് 4,കോയ്ലും ഡെൽഗാഡോയും സ്റ്റാന്റിൽ,ഇത് ഒട്ടും ശരിയല്ല:ISLനെതിരെ ആഞ്ഞടിച്ച് ക്വാഡ്രെറ്റ്
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഈസ്റ്റ് ബംഗാൾ എഫ്സിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിൻ എഫ്‌സിയെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 66ആം മിനിട്ടിൽ നന്ദകുമാർ ശേഖർ നേടിയ ഗോളാണ് ഈസ്റ്റ് ബംഗാളിന് വിജയം സമ്മാനിച്ചിട്ടുള്ളത്.നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ ഉള്ളത്.ചെന്നൈ പത്താം സ്ഥാനത്താണ് തുടരുന്നത്.
ഈസ്റ്റ് ബംഗാളിന്റെ അസിസ്റ്റന്റ് പരിശീലകനായ ഡിമാസ് ഡെൽഗാഡോക്ക് ഈ മത്സരത്തിന്റെ ഭാഗമാവാൻ സാധിച്ചിരുന്നില്ല. അദ്ദേഹം സ്റ്റാൻഡിലായിരുന്നു.അദ്ദേഹത്തിന് ഐഎസ്എൽ വിലക്ക് നൽകുകയായിരുന്നു. നേരത്തെ ചെന്നൈ പരിശീലകനായ ഓവൻ കോയ്ലിനും ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നിരുന്നു. ഐഎസ്എല്ലിലെ മോശം റഫറിയിങ്ങിനെ വിമർശിക്കുന്നവരെയും പ്രതികരിക്കുന്നവരെയും എല്ലാം വിലക്കുന്ന ഒരു പ്രവണതയാണ് ഇപ്പോൾ സംഘാടകർ തുടരുന്നത്. ഇതിനുമുൻപും ഇത്തരത്തിലുള്ള വിവാദ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
മത്സരത്തിന് മുന്നേ തന്നെ ഈസ്റ്റ് ബംഗാൾ പരിശീലകനായ കാർലെസ് ക്വാഡ്രെറ്റ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇങ്ങനെയെല്ലാം വിമർശനങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്നാണ് ക്വാഡ്രെറ്റ് പറഞ്ഞിട്ടുള്ളത്.ഇവാൻ വുക്മനോവിച്ച്,മനോളോ മാർക്കസ് എന്നിവരെയും ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്. വിദേശ റഫറിമാരെ കൊണ്ടുവരേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
രണ്ട് ദിവസങ്ങൾക്കു മുന്നേ ഓവൻ കോയ്ൽ സ്റ്റാൻഡിലായിരുന്നു. ഇപ്പോൾ ഡിമാസ് ഡെൽഗാഡോക്കും സ്റ്റാൻഡിൽ ഇരിക്കേണ്ടി വരുന്നു.ഇവാൻ വുക്മനോവിച്ചിന് നേരത്തെ 10 മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചു. ഗോവയുടെ പരിശീലകനായ മനോളോ മാർക്കസിനും നാല് മത്സരങ്ങളിൽ വിലക്ക് ലഭിച്ചു.ഇങ്ങനെയല്ല കാര്യങ്ങളെ മാനേജ് ചെയ്യേണ്ടത്. ഇതിനുള്ള പരിഹാരം ഞാൻ നിർദ്ദേശിക്കുന്നത് മാനേജർമാരോടും പരിശീലകരോടും സംസാരിക്കുക എന്നുള്ളതാണ്,അല്ലെങ്കിൽ നിങ്ങൾ നിർബന്ധമായും വിദേശ റഫറിമാരെ കൊണ്ടുവരിക,ഇതാണ് ഈസ്റ്റ് ബംഗാൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ത്യൻ റഫറിമാരുടെ നിലവാരം ഇപ്പോഴും ഉയർന്നിട്ടില്ല. ഒട്ടുമിക്ക മത്സരങ്ങളിലും റഫറിമാർ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നുണ്ട്.എന്നാൽ അതിനെതിരെ ശബ്ദിക്കുന്ന പരിശീലകരെ വിലക്കുകയാണ് ഐഎസ്എൽ സംഘാടകർ ചെയ്യുന്നത്.ഇക്കാര്യത്തിൽ ഉടനടി ഒരു പരിഹാരം വേണമെന്ന് എല്ലാ പരിശീലകരും ഇപ്പോൾ ആവശ്യപ്പെടുന്നത്.ഓരോ ദിവസം കൂടുംതോറും പ്രതിഷേധം ശക്തമാവുകയാണ്.