മനുഷ്യനാവടാ ആദ്യം.. എന്നിട്ടുണ്ടാക്ക് നിലയും വിലയും..: ബംഗളൂരു എഫ്സിക്ക് അതേ നാണയത്തിൽ മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്സ്.
അടുത്ത ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെയാണ് ഈ മത്സരം നടക്കുക.ബംഗളൂരു എഫ്സിയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഈ സീസണിൽ ഇരുവരും തമ്മിൽ ഒരുതവണ ഏറ്റുമുട്ടിയപ്പോൾ വിജയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തായിരുന്നു. കൊച്ചിയിൽ വെച്ച് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നത്.
എന്നാൽ നാളത്തെ മത്സരത്തിനു മുന്നോടിയായി സോഷ്യൽ മീഡിയ വാർ രണ്ട് ക്ലബ്ബുകളും ആരംഭിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ചുകൊണ്ട് ആദ്യം മുന്നോട്ടു വന്നത്. കഴിഞ്ഞ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ വിവാദ ഗോൾ വീഡിയോ എഡിറ്റ് ചെയ്തു കൊണ്ട് ഇവർ പുറത്തിറക്കുകയായിരുന്നു.ചിലർ കരഞ്ഞു, ചിലർ മിണ്ടാതിരുന്നു എന്ന ഡയലോഗ് കൂടിയാണ് അവർ വീഡിയോ പുറത്ത് ഇറക്കിയത്.
സുനിൽ ഛേത്രി ചില ഹൃദയങ്ങൾ തകർത്തപ്പോൾ എന്നും അവർ ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. ചേത്രി ഒരിക്കലും നിയമങ്ങൾ തെറ്റിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ ആ ട്രോൾ വീഡിയോക്ക് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അതേ നാണയത്തിൽ തിരിച്ചടിച്ചിട്ടുണ്ട്. മറ്റൊരു വീഡിയോയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറക്കിയിട്ടുള്ളത്.
സുനിൽ ഛേത്രി നേടുന്ന വിവാദ ബ്ലാസ്റ്റേഴ്സ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടൻ മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗ് കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കൂട്ടിച്ചേർത്തിട്ടുള്ളത്. മനുഷ്യനാവടാ ആദ്യം..എന്നിട്ട് ഉണ്ടാക്ക് നിലയും വിലയും..അതും സൂത്രത്തിൽ ഉണ്ടാക്കുകയല്ല വേണ്ടത്..സ്വയം ഉണ്ടാവട്ടെ..അതാണ് കഴിവ്.. ഇതായിരുന്നു സുനിൽ ഛേത്രിയുടെ ഗോളിന് ബാക്ക്ഗ്രൗണ്ടായി കൊണ്ട് ബ്ലാസ്റ്റേഴ്സ് നൽകിയത്. മാത്രമല്ല വീഡിയോയുടെ ഏറ്റവും അവസാനത്തിൽ മുകേഷിന്റെ ഒരു ഡയലോഗ് കൂടി വരുന്നുണ്ട്.. അന്തസ്സ് വേണമെടാ അന്തസ്സ്..ഇതും അവർ ചേർത്തിട്ടുണ്ട്.
മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയപ്പോൾ ലൂണ നേടിയ ഗോളും ഗോൾ ആഘോഷവും ഗോൾകീപ്പർ സന്ധുവിന്റെ റിയാക്ഷനുമെല്ലാം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ബംഗളൂരു എഫ്സിയുടെ ആ വിവാദ ഗോളിനെ ഉരുളക്കുപ്പേരി കണക്ക് പരിഹസിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. ഏതായാലും ബാസ്റ്റേഴ്സിനെ പരമാവധി പ്രകോപിപ്പിക്കാൻ ബംഗളൂരു എഫ്സിയുടെ സോഷ്യൽ മീഡിയ ടീം ശ്രമിക്കുന്നുണ്ട്.അവരുടെ സമീപകാലത്തെ പോസ്റ്റുകൾ എല്ലാം അതിന് ഉദാഹരണമാണ്. കളിക്കളത്തിൽ അവരെ പരാജയപ്പെടുത്തിക്കൊണ്ട് അവരോട് പ്രതികാരം തീർക്കണം എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം.