നൂഹ് സദൂയി കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയോ? വുക്മനോവിച്ച് പറയുന്നു
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി റൂമറുകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തേക്ക് വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എഫ്സി ഗോവയുടെ മൊറോക്കൻ താരമായ നൂഹ് സദൂയിയെ കുറിച്ചാണ്.അദ്ദേഹവുമായി ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്. രണ്ട് വർഷത്തെ കരാറിൽ ഒപ്പ് വെക്കാൻ ഈ മുന്നേറ്റ നിര താരം സമ്മതിച്ചു കഴിഞ്ഞുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഗോവക്ക് വേണ്ടി രണ്ട് സീസണുകളിലായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് നൂഹ് സദൂയി. അദ്ദേഹത്തെ ലഭിക്കുകയാണെങ്കിൽ മുതൽക്കൂട്ടാകുമെന്ന കാരണത്താൽ ബ്ലാസ്റ്റേഴ്സ് ഫാൻസ് വളരെയധികം ആവേശഭരിതരാണ്.ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനാണ് അദ്ദേഹത്തിന്റെ പദ്ധതി.അദ്ദേഹം ഗോവയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്നൊക്കെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്ന് നടന്ന പ്രസ് കോൺഫറൻസിൽ ഇവാൻ വുക്മനോവിച്ചിനോട് ഈ വാർത്തയെക്കുറിച്ച് ചോദിച്ചിരുന്നു.എന്നാൽ അദ്ദേഹം ഇത് ശരിവെക്കാൻ തയ്യാറായില്ല. മറിച്ച് സാധാരണ പുറത്തേക്ക് വരുന്ന കേവലം ഒരു റൂമർ മാത്രമാണ് എന്ന് പറഞ്ഞുകൊണ്ട് ഇതിനെ തള്ളിക്കളയുകയാണ് വുക്മനോവിച്ച് ചെയ്തിട്ടുള്ളത്.പ്രീതം കോട്ടാലിനെ കുറിച്ച് പോലും ഇത്തരത്തിലുള്ള റൂമറുകൾ കേൾക്കാമെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.
ലഭിച്ച റൂമറുകൾ ഒക്കെ ശരിയായിരുന്നെങ്കിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ 55 താരങ്ങൾ ഉണ്ടാകുമായിരുന്നു. അത്രയേറെ റൂമറുകളാണ് വന്നിട്ടുള്ളത്.വെറുതെ ഇരുന്ന് കൊണ്ട് ഓൺലൈനിൽ ഇതൊക്കെ എഴുതി വിടാൻ എളുപ്പമാണ്. പക്ഷേ തീർച്ചയായും വരുന്ന സീസണിലേക്ക് ഞങ്ങൾക്ക് പ്ലാൻ ഉണ്ട്. തീർച്ചയായും പ്രീതം കോട്ടാലിനെ കുറിച്ച് പോലും നമുക്ക് റൂമറുകൾ കേൾക്കാം,വുക്മനോവിച്ച് പറഞ്ഞു.
ഇവാനൊപ്പം ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തത് പ്രീതം കോട്ടലായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പോലും റൂമർ ഉണ്ടാവാം എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഏതായാലും നിലവിൽ പുറത്തേക്ക് വന്ന എല്ലാ റൂമറുകളെയും തള്ളിക്കളയുകയാണ് പരിശീലകൻ ചെയ്തിട്ടുള്ളത്.