കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണോ? ഒടുവിൽ വാർത്തകളോട് പ്രതികരിച്ച് വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.ആദ്യത്തെ 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.കലിംഗ സൂപ്പർ കപ്പിന് പിരിയുമ്പോൾ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ അവിടം തൊട്ട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
സൂപ്പർ കപ്പിൽ അവസാനത്തെ രണ്ട് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച അവസാനത്തെ 6 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഒരു റൂമർ പുറത്തേക്കുവന്നു.IFT മീഡിയയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചുമായി ബന്ധപ്പെട്ട റൂമർ പുറത്തുവിട്ടത്.
അതായത് ഈ സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വിടാൻ വുക്മനോവിച്ച് തീരുമാനിച്ചു കഴിഞ്ഞു. വിദേശ ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫർ ഉണ്ട്.അത് അദ്ദേഹം പരിഗണിക്കുന്നു എന്നായിരുന്നു വാർത്ത. എന്നാൽ ഇതെല്ലാം നിരസിച്ചുകൊണ്ട് പ്രതികരണവുമായി വുക്മനോവിച്ച് രംഗത്ത് വന്നിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നാണ്വുക്മനോവിച്ച് ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.
എല്ലാം കിംവദന്തികൾ മാത്രം. പ്രചരിച്ചതെല്ലാം വ്യാജ വാർത്തകളാണ്. ഞാൻ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു. ഇവിടെ തുടരാനും ഏറെ ഇഷ്ടപ്പെടുന്നു. കേരളത്തിന് എന്റെ ഹൃദയത്തിലാണ് സ്ഥാനം. അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്തിന് കേരള ബ്ലാസ്റ്റേഴ്സ് വിടണം? ഇതാണ് വുക്മനോവിച്ച് മലയാളത്തിലെ പ്രധാനപ്പെട്ട മാധ്യമത്തോട് പറഞ്ഞത്.
ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണിത്. ഇപ്പോൾ ഒരല്പം മോശം പ്രകടനമാണെങ്കിലും ഇവാൻ വുക്മനോവിച്ച് എന്ന പരിശീലകനെ ആരാധകർ അതിരറ്റ് വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ തിരിച്ചടിയായത് പരിക്കുകൾ തന്നെയാണ്. ക്ലബ്ബ് പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.