എന്തൊരു ഗോളാണിത്..! അർജന്റൈൻ താരത്തിന്റെ ഗോളിൽ കണ്ണ് തള്ളി ഫുട്ബോൾ ലോകം!
ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനയുടെ അണ്ടർ 23 ടീമും കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നു. മെക്സിക്കോയുടെ അണ്ടർ 23 ടീമിനെതിരെയാണ് അർജന്റീന കളിച്ചിരുന്നത്.മത്സരത്തിൽ അർജന്റീന തന്നെ വിജയം സ്വന്തമാക്കിയിട്ടുണ്ട്.രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മികച്ച പ്രകടനമാണ് മശെരാനോയുടെ സംഘം മത്സരത്തിൽ നടത്തിയിട്ടുള്ളത്.
ലുകാസ് ബെൾട്രെൻ ഇരട്ട ഗോളുകൾ നേടുകയായിരുന്നു. അതേസമയം സൂപ്പർ താരങ്ങളായ തിയാഗോ അൽമേഡ,മത്യാസ് സുലെ എന്നിവർ ഓരോ ഗോളുകൾ വീതം നേടിയിട്ടുണ്ട്.ഇതിൽ സൂലെ നേടിയ ഗോളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തിന് അത്ഭുതമായി മാറിയിരിക്കുന്നത്. ഒരുപക്ഷേ പുഷ്കാസ് അവാർഡിനു വേണ്ടി മത്സരിക്കാൻ വരെ കപ്പാസിറ്റിയുള്ള ഒരു ഗോളാണ് താരം നേടിയിരിക്കുന്നത്.
തന്റെ സഹതാരം നൽകിയ ക്രോസ് സൂലെയുടെ മുൻപിൽ വന്ന് പിച്ച് ചെയ്ത് പൊങ്ങുകയായിരുന്നു. സാധാരണ രൂപത്തിൽ എല്ലാവരും വലതുകാൽ കൊണ്ട് ഷോട്ട് എടുക്കുകയാണ് ചെയ്യുക. പക്ഷേ തന്റെ ഇടത് കാൽ ഉപയോഗപ്പെടുത്തിക്കൊണ്ട് അവിശ്വസനീയമായ രീതിയിൽ പന്ത് വലയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അത് എങ്ങനെയാണ് സാധ്യമായത് എന്ന് പോലും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്.
ഈ ഗോൾ വീഡിയോ വളരെയധികം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അധികമാരും കാണാത്ത രീതിയിലുള്ള ഒരു ഗോൾ തന്നെയാണ് അദ്ദേഹത്തിൽ നിന്നും പിറന്നിട്ടുള്ളത്. അർജന്റീനയുടെ ഭാവി വാഗ്ദാനം തന്നെയാണ് മറ്റിയാസ് സൂലെ. നിലവിൽ അദ്ദേഹം യുവന്റസിന്റെ താരമാണെങ്കിലും ലോൺ അടിസ്ഥാനത്തിൽ ഫ്രോസിനോണിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.