എനിക്ക് ഇത് കണ്ടുനിൽക്കാനാവില്ല, എന്നാൽ ആരാധകർക്ക് അങ്ങനെയാവില്ല: വിമർശനവുമായി ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് സമനിലയിൽ തളക്കുകയായിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യം ജസ്റ്റിന്റെ അസിസ്റ്റിൽ ദിമി ഗോൾ സ്വന്തമാക്കി.
എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് എൽസിഞ്ഞോയുടെ അസിസ്റ്റിൽ നിന്നും സിവേരിയോ അവർക്ക് വേണ്ടി വല കുലുക്കുകയായിരുന്നു.പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ ഇതേ സ്കോറിൽ തന്നെ മത്സരം അവസാനിക്കുകയായിരുന്നു. പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ ആക്രമണ പ്രത്യാക്രമണങ്ങൾ വളരെ സജീവമായിരുന്നു. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ ഭീഷണി ഗോൾമുഖത്ത് നേരിടേണ്ടി വന്നിരുന്നു.
അതിൽനിന്നും രക്ഷിച്ചത് ഗോൾകീപ്പർ കരൺജിത്താണ്. മത്സരത്തിന്റെ അവസാന 10 മിനിറ്റുകളിൽ തങ്ങൾ ചില പിഴവുകൾ വരുത്തി എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ വുക്മനോവിച്ച് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു പരിശീലകൻ എന്ന നിലയിൽ ഇത് തനിക്ക് കണ്ടുനിൽക്കാനാവില്ല എന്നും എന്നാൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ആരാധകർക്ക് വളരെയധികം ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള കാര്യമായിരിക്കുമെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹം പറഞ്ഞതിന്‍റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
മോശം തീരുമാനങ്ങൾ ഒരു പരിശീലകൻ എന്ന നിലയിൽ നിങ്ങളെ സന്തോഷവാനാക്കില്ല. പ്രത്യേകിച്ച് അവസാനത്തെ 10 മിനിട്ടുകളിൽ ഞങ്ങൾ ചില പിഴവുകൾ വരുത്തിവെച്ചു. എതിരാളികൾക്ക് സുവർണ്ണാവസരങ്ങൾ ലഭിക്കാൻ കാരണമായ അവിശ്വസനീയമായ പിഴവുകളാണ് ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്.ഞങ്ങൾക്ക് മത്സരം നിയന്ത്രണത്തിൽ കൊണ്ടുവരാനും ഗോളുകൾ നേടാനും സാധിക്കുമായിരുന്നു. ഒരു പരിശീലകൻ എന്ന നിലയിൽ ഇതെല്ലാം എനിക്ക് കണ്ടുനിൽക്കാൻ കഴിയില്ല.എന്നെ വളരെയധികം ആശങ്കപ്പെടുത്തിയിരുന്നു ഇതൊക്കെ. പക്ഷേ ആരാധകർക്ക് അങ്ങനെയാവില്ല. എന്തെന്നാൽ ആക്രമണങ്ങളും അവസരങ്ങൾ ഒരുക്കുന്നതും അവരെ സംബന്ധിച്ചിടത്തോളം ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു കാര്യമായിരിക്കും,വുക്മനോവിച്ച് പറഞ്ഞു.
സമീപകാലത്തെ മത്സരങ്ങളിൽ എല്ലാം തന്നെ ബ്ലാസ്റ്റേഴ്സ് പിഴവുകൾ വരുത്തിവെക്കുന്നത് സാധാരണമാണ്. വളരെ നിസ്സാരമായ പിഴവുകളിൽ നിന്നാണ് പലപ്പോഴും ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങാറുള്ളത്. പ്രത്യേകിച്ച് ഡിഫൻസ് പല സന്ദർഭങ്ങളിലും അശ്രദ്ധ കാണിക്കുന്നുമുണ്ട്.