ഇങ്ങനെയൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്,പക്ഷേ കഴിഞ്ഞ മത്സരത്തേക്കാൾ ഉഷാറായി കളിച്ചു:വുക്മനോവിച്ച്
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങുകയായിരുന്നു.നെസ്റ്റർ,ജിതിൻ എന്നിവർ നേടിയ ഗോളുകളാണ് നോർത്ത് ഈസ്റ്റിന് വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ഒരുപാട് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിരുന്നത്. ചില താരങ്ങൾ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയ ഒരു ഇലവനായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്. മോശമല്ലാത്ത രീതിയിൽ ഇന്നലെ കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ വഴങ്ങിയ പിഴവുകൾ കാരണമായി ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങുകയായിരുന്നു.ഈ തോൽവിയെക്കുറിച്ച് ചില കാര്യങ്ങൾ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ വലിയ തോൽവി ബ്ലാസ്റ്റേഴ്സ് ഏറ്റു വാങ്ങിയിരുന്നു. ആ മത്സരത്തേക്കാൾ മികച്ച രീതിയിൽ ബ്ലാസ്റ്റേഴ്സ് കളിച്ചു എന്നാണ് പരിശീലകൻ അവകാശപ്പെട്ടിട്ടുള്ളത്. മത്സരത്തിന്റെ അവസാനത്തിൽ ഇങ്ങനെ ക്ഷീണിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
മത്സരത്തിന്റെ അവസാന ഭാഗത്ത് ക്ഷീണം നേരിടേണ്ടി വരും എന്നുള്ളത് ഞങ്ങൾക്ക് തന്നെ അറിയാമായിരുന്നു.കളിക്കളത്തിനകത്ത് എല്ലാം നൽകിക്കൊണ്ടാണ് ഞങ്ങളുടെ താരങ്ങൾ കളിച്ചത്.അതിനെ ഞാൻ പ്രശംസിക്കുന്നു.പല താരങ്ങളും അവർ സാധാരണ കളിക്കുന്ന പൊസിഷനിൽ അല്ല കളിച്ചിട്ടുള്ളത്.എന്നിട്ട് പോലും അവർ മികച്ച പ്രകടനം നടത്തി. 3 ദിവസങ്ങൾക്കു മുൻപ് കളിച്ചതിനേക്കാൾ മികച്ച പ്രകടനമാണ് ഈ മത്സരത്തിൽ ഞങ്ങൾ നടത്തിയിട്ടുള്ളത്. പക്ഷേ ഫാറ്റിഗ് കാരണം ഞങ്ങൾക്ക് മത്സരം കൈവിടേണ്ടിവന്നു,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
നിരവധി തോൽവികളാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വഴങ്ങിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ അവസാനത്തെ 11 മത്സരങ്ങളിൽ 9 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇനി ഹൈദരാബാദിനെതിരെയാണ് ഗ്രൂപ്പ് മത്സരം അവശേഷിക്കുന്നത്. ആ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.