പ്രതിസന്ധികൾ ഏറെയായിട്ടും ഒന്നാമത്,ഇവാൻ കണ്ടു പഠിക്കണം ഈ കോച്ചിനെ,ബ്ലാസ്റ്റേഴ്സ് മാതൃകയാക്കണം ഈ മെന്റാലിറ്റിയെ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ വളരെ മികച്ച പ്രകടനം നടത്തിയിരുന്നു. സൂപ്പർ കപ്പിന് പിരിയുന്ന സമയത്ത് ബ്ലാസ്റ്റേഴ്സായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ക്ലബ്ബിന്റെ കഷ്ടകാലവും ആരംഭിച്ചു. തുടർ തോൽവികൾ ഏറ്റുവാങ്ങേണ്ടിവന്നു. അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ 9 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ഇതിന് ന്യായീകരണമായി കൊണ്ട് പല കാരണങ്ങളും നിരത്താണ്.സുപ്രധാന താരങ്ങളുടെ പരിക്ക് ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്. പക്ഷേ ഇത്രയുമധികം തോൽവികൾ ക്ലബ്ബിന്റെ ദയനീയമായ അവസ്ഥ തന്നെയാണ് കാണിക്കുന്നത്.ഈ മോശം പ്രകടനത്തിന്റെ ഉത്തരവാദി ഇവാൻ വുക്മനോവിച്ച് കൂടിയാണ്. അദ്ദേഹത്തിന് ഒരിക്കലും ഇതിൽ നിന്നും കൈ കഴുകി രക്ഷപ്പെടാനാവില്ല.
പ്രതിസന്ധികൾ ഒരുപാടുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ടീമിനെ നല്ല രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകലാണ് ഒരു പരിശീലകന്റെ മികവ്. അക്കാര്യത്തിൽ ഇവാൻ പരാജയപ്പെട്ടു എന്ന് പറയാം. താരങ്ങളിൽ ടീമിനോടുള്ള ആത്മാർത്ഥത ഉണ്ടാക്കിയെടുക്കാൻ ഈ പരിശീലകന് കഴിഞ്ഞിട്ടില്ല. പോരാട്ട വീര്യത്തോട് കൂടി കളിക്കാനുള്ള കെൽപ്പ് ഉണ്ടാക്കിയെടുക്കാനും ഇവാന് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ മാതൃകയാക്കേണ്ടത്.ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ നിന്ന് തന്നെ ഈ അഭിപ്രായം ഉയർന്നുവരുന്നുണ്ട്.
സീസണിന്റെ മധ്യത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടവരാണ് മുംബൈ സിറ്റി.അവരുടെ പരിശീലകൻ ക്ലബ്ബ് വിട്ടുപോയി.ഗ്രെഗ് സ്റ്റുവർട്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ചില വിദേശ താരങ്ങൾ ക്ലബ്ബ് വിട്ടുപോയി.ഒരുപാട് താരങ്ങൾക്ക് സസ്പെൻഷൻ ലഭിച്ചു. അങ്ങനെ നിരവധി പ്രതിസന്ധികൾ അവർ നേരിട്ടു. ആ സമയത്താണ് പരിശീലകൻ പീറ്റർ ക്രാറ്റ്ക്കി വരുന്നത്. ഈ പ്രതിസന്ധികൾക്കിടയിലും അദ്ദേഹം ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ചു.
നിലവിൽ ഐഎസ്എല്ലിൽ മുംബൈ ഒന്നാം സ്ഥാനത്താണ്.47 പോയിന്റാണ് അവരുടെ സമ്പാദ്യം.ഒരു ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ടീം എന്ന റെക്കോർഡ് ഇവരുടെ പേരിലാണ്. അടുത്ത മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ സമനില വഴങ്ങിയാൽ പോലും അവർക്ക് ഷീൽഡ് നേടാം.മുംബൈക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ പുറത്തെടുക്കുന്ന അസാധാരണ മികവ് പ്രശംസിക്കാതിരിക്കാൻ വയ്യ.അത്തരം താരങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്താൻ അവരുടെ കോച്ചിന് കഴിയുന്നു.അവരുടെ മെന്റാലിറ്റിയെയാണ് യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് മാതൃകയാക്കേണ്ടത്.