ഞങ്ങൾ പ്ലേ ഓഫിൽ സ്ഥാനം അർഹിച്ചിരുന്നു : തകർന്ന ഹൃദയത്തോട് കൂടി ജംഷഡ്പൂർ കോച്ച് ഖാലിദ് പറയുന്നു!
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ എഫ്സി ഗോവയാണ്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഈ മത്സരം നടക്കുക. ജംഷഡ്പൂരിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ജംഷഡ്പൂർ നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായവരാണ്.
കഴിഞ്ഞ മത്സരത്തിൽ അവർ ചെന്നൈയിൻ എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു.അതോടുകൂടിയാണ് അവർ പുറത്തായത്.സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനമായിരുന്നു ഇവർ നടത്തിയിരുന്നത്. അതോടെ പരിശീലകന് ക്ലബ് വിടേണ്ടിവന്നു. തുടർന്ന് ഇന്ത്യൻ പരിശീലകൻ ഖാലീദ് ജമീൽ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മികവിലേക്ക് ക്ലബ്ബിന് കഴിഞ്ഞിരുന്നു.പക്ഷേ വലിയ ക്ലബ്ബുകളോട് പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി.21 മത്സരങ്ങളിൽ നിന്ന് 21 പോയിന്റ് മാത്രമാണ് ഇപ്പോൾ അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.
ഇന്നത്തെ മത്സരം അവരെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്.ഗോവക്കെതിരെ ഒരു മികച്ച പ്രകടനം അവർ പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.പ്ലേ ഓഫ് കാണാതെ പുറത്തായതിനെ കുറിച്ചുള്ള തന്റെ പ്രതികരണം ഇപ്പോൾ ഈ പരിശീലകൻ രേഖപ്പെടുത്തിയിട്ടുണ്ട്.തങ്ങൾ പ്ലേ ഓഫിൽ സ്ഥാനം അർഹിച്ചിരുന്നു എന്നാണ് ജമീൽ പറഞ്ഞിട്ടുള്ളത്.പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് ഈ അവസരം നൽകിയതിൽ ഞാൻ ക്ലബ്ബിനോട് നന്ദി പറയുന്നു. തീർച്ചയായും ഞങ്ങൾ ആദ്യ സിക്സിൽ സ്ഥാനം അർഹിച്ചിരുന്നു.ഈ അവസാനത്തെ മത്സരം വിജയിച്ചു കൊണ്ട് അവസാനിപ്പിക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എന്നിരുന്നാലും ഞാൻ സന്തോഷവാനല്ല, കാരണം ഞങ്ങൾക്ക് പ്ലേ ഓഫിന് യോഗ്യത നേടാൻ കഴിഞ്ഞില്ല.ഞങ്ങൾക്ക് ആ അവസരം ലഭിച്ചില്ല.ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. താരങ്ങൾ വളരെയധികം കമ്മിറ്റ്മെന്റോടുകൂടി ഹാർഡ് വർക്ക് ചെയ്തു,ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
മുംബൈ,മോഹൻ ബഗാൻ,ഗോവ,ഒഡീഷ,കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് ഇപ്പോൾ പ്ലേ ഓഫിൽ സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.ഈസ്റ്റ് ബംഗാൾ,ചെന്നൈ,നോർത്ത് ഈസ്റ്റ് എന്നിവരാണ് അവസാന സ്ഥാനത്തിന് വേണ്ടി ഇപ്പോൾ പോരാടുന്നത്.