ഒടുവിൽ ലൂണയുടെ കാര്യത്തിലുള്ള സന്തോഷവാർത്ത പുറത്ത് വിട്ട് വുക്മനോവിച്ച്,അടുത്ത മത്സരത്തിൽ താരം കളിച്ചേക്കും!
ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കേരള ബ്ലാസ്റ്റേഴ്സ് വരുന്ന വെള്ളിയാഴ്ചയാണ് കളിക്കുക. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 7:30ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്.ഹൈദരാബാദ് എഫ്സിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ്നോടും പരാജയപ്പെട്ടിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിലെങ്കിലും വിജയിക്കാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ 9 മത്സരങ്ങളിലും പരാജയപ്പെട്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്. എന്നാൽ പ്ലേ ഓഫ് യോഗ്യത നേടാനായി എന്നത് മാത്രമാണ് ഇവിടുത്തെ ആശ്വാസകരമായ കാര്യം.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ നഷ്ടമായതാണ് ഈ സീസണിൽ ക്ലബ്ബിന് സംഭവിച്ച ഏറ്റവും വലിയ തിരിച്ചടി. അദ്ദേഹം പരിക്കിൽ നിന്ന് മുക്തനായി കൊണ്ട് ട്രെയിനിങ് ആരംഭിച്ചത് വലിയ സന്തോഷത്തോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കേട്ടത്. ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിലെ പുതിയ അപ്ഡേറ്റ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. വരുന്ന ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ കുറച്ച് മിനിട്ടുകൾ ലൂണ കളിക്കാനുള്ള സാധ്യതകൾ ഉണ്ട് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ലൂണയുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം ഇന്നത്തെ ട്രെയിനിങ് കഴിഞ്ഞതിനുശേഷമാണ് ഞങ്ങൾ എടുക്കുക.അഡ്രിയാൻ ലൂണ ഞങ്ങൾക്കൊപ്പം ഹൈദരാബാദിലേക്ക് ട്രാവൽ ചെയ്യാനും ആ മത്സരത്തിൽ കുറച്ച് സമയം കളിക്കാനുമുള്ള സാധ്യതകൾ ഉണ്ട്. പക്ഷേ ലൂണക്ക് 3 യെല്ലോ കാർഡുകൾ ഉണ്ട് എന്നുള്ള കാര്യം നമ്മൾ മറക്കാൻ പാടില്ല,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
അഡ്രിയാൻ ലൂണ ഈ സീസണിൽ 3 യെല്ലോ കാർഡുകൾ വഴങ്ങിയിട്ടുണ്ട്.അതായത് വരുന്ന ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കുകയും യെല്ലോ കാർഡ് വഴങ്ങുകയും ചെയ്താൽ അത് ബ്ലാസ്റ്റേഴ്സിന് പണിയാകും.പ്ലേ ഓഫ് മത്സരത്തിൽ ലൂണ പുറത്തിരിക്കേണ്ടി വന്നേക്കും.