തോറ്റാൽ പുറത്ത്,പ്ലേ ഓഫിലെ ജീവൻ മരണ പോരാട്ടത്തിന് ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകൾ എന്ത്?വുക്മനോവിച്ച് പറയുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ നടക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനു വേണ്ടി നാളെ കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ച് കയറും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ 9 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒട്ടുമിക്ക ടീമുകളോടും ബ്ലാസ്റ്റേഴ്സ് പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ച് കഴിഞ്ഞു. പക്ഷേ ഇപ്പോൾ ആരാധകർ ഉറ്റു നോക്കുന്നത് പ്ലേ ഓഫ് മത്സരത്തിലേക്കാണ്.
പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഒഡീഷ എഫ്സിയായിരിക്കും. തോറ്റാൽ പുറത്താവുന്ന പ്ലേ ഓഫ് മത്സരത്തിൽ ഒരു ജീവൻ മരണ പോരാട്ടം തന്നെ ബ്ലാസ്റ്റേഴ്സിന് നടത്തേണ്ടിവരും. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മെന്റാലിറ്റി എന്തായിരിക്കും? തയ്യാറെടുപ്പുകൾ എങ്ങനെയാണ്? അതിനൊക്കെയുള്ള മറുപടി അദ്ദേഹം നൽകിയിട്ടുണ്ട്.വുക്മനോവിച്ച് പറഞ്ഞത് ഇപ്രകാരമാണ്.
പ്ലേ ഓഫ് ഗെയിം,നോക്കോട്ട് ഗെയിം,ഒരൊറ്റ മത്സരം മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ ആ മത്സരത്തിന് വേണ്ടി സാധ്യമായ ഏറ്റവും മികച്ച രൂപത്തിൽ ഞങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്. നിങ്ങൾക്ക് കരുത്തരാകാൻ സാധിക്കുന്ന അത്രയും നിങ്ങൾ കരുത്തരായേ മതിയാകൂ.90 മിനിട്ടും നമ്മൾ പോരാടേണ്ടി വരും. ചിലപ്പോൾ 95 മിനുട്ടും ഒരുപക്ഷേ 120 മിനുട്ടും വരെ നിങ്ങൾ ഫൈറ്റ് ചെയ്യേണ്ടിവരും. എന്തൊക്കെ സംഭവിച്ചാലും കോളിഫിക്കേഷന് വേണ്ടി പോരാടണം, അത് മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളത്,വുക്മനോവിച്ച് പറഞ്ഞു.
സാധ്യമായ ഏറ്റവും മികച്ച ടീമിനെ തന്നെ ഈ പരിശീലകൻ അണിനിരത്തും,സാധ്യമായ ഏറ്റവും മികച്ച രൂപത്തിലുള്ള പ്രകടനം ടീമിന്റെ ഭാഗത്തുനിന്നുണ്ടാകും, ഇതൊക്കെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.പരിക്കിന്റെ പിടിയിലുള്ള സുപ്രധാന താരങ്ങൾ അപ്പോഴേക്കും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.