കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ ദിമിത്രിയോസ് ഹാപ്പിയല്ലെന്ന് റിപ്പോർട്ട്!
ഇന്ന് ഐഎസ്എല്ലിൽ നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഒഡീഷാ എഫ്സിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.കലിംഗ സ്റ്റേഡിയത്തിൽ വച്ച് ഒരു മത്സരം പോലും വിജയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്ന കാര്യമാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരനായ ദിമി പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നില്ല.ഈ മത്സരത്തിൽ അദ്ദേഹം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പുകൾ ഒന്നുമില്ല.മത്സരത്തിന് മുന്നേ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷം മാത്രമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക എന്ന് പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിരുന്നു.താരത്തിന് ഇന്നത്തെ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് വലിയൊരു തിരിച്ചടി തന്നെയായിരിക്കും.
എന്നാൽ ഈ മത്സരത്തിന് മുന്നേ ദിമിയുടെ ഭാവിയുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തുവന്നിട്ടുണ്ട്.ഇന്ത്യൻ ഫുട്ബോൾ പത്രപ്രവർത്തകനായ സോഹൻ പോഡറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫറിന്റെ കാര്യത്തിൽ ദിമിത്രിയോസ് സന്തോഷവാനല്ല എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദിമിയുടെ കോൺട്രാക്ട് ഈ സീസണോടുകൂടി അവസാനിക്കുകയാണ്.ഈ കോൺട്രാക്ട് പുതുക്കാൻ ക്ലബ്ബിനും താരത്തിനും ആഗ്രഹമുണ്ട്.ഒരു ഓഫർ ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്.എന്നാൽ താരം ആഗ്രഹിക്കുന്ന പോലെയുള്ള ഒരു ഓഫറല്ല ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ താരം ഈ ഓഫറിൽ സന്തോഷവാനല്ല.ക്ലബ്ബ് വിടുന്ന കാര്യം ഗൗരവമായി കൊണ്ട് പരിഗണിക്കുന്നുണ്ട്.ഈ ഐഎസ്എല്ലിന് ശേഷം അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിടാനുള്ള സാധ്യതകൾ ഏറെയാണ് എന്നാണ് റിപ്പോർട്ടുകൾ.
പക്ഷേ അദ്ദേഹം എങ്ങോട്ട് പോകും എന്നത് വ്യക്തമല്ല. നിലവിൽ മറ്റൊരു കരുത്തരായ മുംബൈ സിറ്റിയാണ് താരത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്.വിദേശ ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ഉണ്ട് എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. അദ്ദേഹം വിദേശത്തേക്ക് പോകാനുള്ള സാധ്യതകളെയും തള്ളിക്കളയാനാവില്ല.