ഒരർത്ഥത്തിൽ ഹാപ്പിയാണ്, ഒരർത്ഥത്തിൽ നിരാശയുമുണ്ട്: വ്യക്തമാക്കി ഇവാൻ വുക്മനോവിച്ച്
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞുകൊണ്ട് പുറത്തായിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയോട് പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് മുന്നേറുമെന്ന് ആരാധകർ വിശ്വസിച്ച സമയമുണ്ടായിരുന്നു. പക്ഷേ എല്ലാം അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിക്കുകയായിരുന്നു.
മത്സരത്തിൽ ഫെഡോർ ചെർനിയിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ലീഡ് എടുത്തത്. മത്സരത്തിന്റെ 87ആം മിനിട്ട് വരെ മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് ഗോൾ വഴങ്ങി. തുടർന്ന് എക്സ്ട്രാ ടൈമിൽ ഒരു ഗോൾ കൂടി വഴങ്ങിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരം കൈവിടുകയായിരുന്നു.മത്സരത്തിൽ,പ്രത്യേകിച്ച് രണ്ടാം പകുതിയിൽ നിരവധി ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.എന്നാൽ അതെല്ലാം ബ്ലാസ്റ്റേഴ്സ് താരങ്ങൾ നഷ്ടപ്പെടുത്തുകയായിരുന്നു.
സീസണിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് രണ്ടാംഘട്ടത്തിൽ വളരെ ദയനീയ പ്രകടനമാണ് നടത്തിയത്. അവസാനമായി കളിച്ച ഭൂരിഭാഗം മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഈ സീസണിനെ മൊത്തത്തിൽ വുക്മനോവിച്ച് ഒന്ന് വിലയിരുത്തിയിട്ടുണ്ട്. സന്തോഷത്തോടൊപ്പം നിരാശയുമുണ്ട് എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.ഇപ്രകാരമാണ് അദ്ദേഹം പറഞ്ഞത്.
എനിക്ക് സമ്മിശ്രമായ ഒരു ഫീലിംഗ്സാണ് ഇപ്പോൾ ഉള്ളത്.ഒരർത്ഥത്തിൽ ഞാൻ സന്തോഷവാനാണ്.കാരണം പല കാര്യങ്ങളിലും ഞങ്ങൾ ഡെവലപ്പ് ചെയ്തു. സമ്പൂർണ്ണ ടീം ഉള്ള സമയത്ത് പല ലെവലുകളിലും ഞങ്ങൾ എത്തിച്ചേർന്നു.എല്ലാ ടീമിനെയും ഞങ്ങൾ പരാജയപ്പെടുത്തി.ഹോമിലാണെങ്കിലും എവേയിലാണെങ്കിലും ഞങ്ങൾ വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു.പക്ഷേ അവസാനം നിരാശ മാത്രമാണ് ബാക്കി, എന്തെന്നാൽ ഞങ്ങൾ ഇപ്പോൾ പുറത്തായി കഴിഞ്ഞു, ഇതാണ് പരിശീലകൻ വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീടമില്ലാത്ത യാത്ര ഇപ്പോഴും തുടരുകയാണ്. പതിവുപോലെ ശുഭപ്രതീക്ഷകളുമായി അടുത്ത സീസണിന് തുടക്കം കുറിക്കും. കാര്യമായ മാറ്റങ്ങൾ ടീമിനകത്ത് ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്