ഭാവി എനിക്കറിയില്ല, ഭാവിയിൽ എന്തൊക്കെ സംഭവിച്ചാലും ഞാനൊരു ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കും:ഫെഡോർ ചെർനിച്ച്
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോടെ പകരക്കാരനായി കൊണ്ടായിരുന്നു ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മോശമല്ലാത്ത പ്രകടനം അദ്ദേഹം ക്ലബ്ബിനു വേണ്ടി നടത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 9 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. ടീമുമായി ഇഴകിചേരാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
താരത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് അവസാനിക്കുകയാണ്. കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമോ അതല്ല അദ്ദേഹം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകുമോ എന്നുള്ളത് വ്യക്തമല്ല. അക്കാര്യത്തിൽ ഇതുവരെ ബ്ലാസ്റ്റേഴ്സോ താരമോ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.ബ്ലാസ്റ്റേഴ്സിന്റെ സീസൺ അവസാനിച്ചതോടെ അദ്ദേഹം ആരാധകർക്കായി ഒരു സന്ദേശം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
തന്റെ ഭാവി തനിക്കറിയില്ലെന്നും എന്തൊക്കെ സംഭവിച്ചാലും താൻ എന്നും ഒരു ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകനായിരിക്കുമെന്നും ചെർനിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദേശം ഇങ്ങനെയാണ്.നമ്മൾ പ്രതീക്ഷിച്ച പോലെയല്ല നമ്മുടെ ഈ സീസൺ അവസാനിച്ചത്,പക്ഷേ ചില സമയങ്ങളിൽ ഫുട്ബോൾ ഇങ്ങനെയാണ്. എന്റെ ഭാവിയെക്കുറിച്ച് ഇപ്പോൾ എനിക്ക് ഒന്നും അറിയില്ല.പക്ഷേ എല്ലാവരോടും ഞാൻ എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങൾ ക്ലബ്ബിന് നൽകിയ പിന്തുണക്കും സ്നേഹത്തിനും ഞാൻ നന്ദി പറയുന്നു. ഒരു കൂട്ടം അത്ഭുതപ്പെടുത്തുന്ന മനുഷ്യരെയാണ് ഞാൻ ഇവിടെ കണ്ടത്. ബ്ലാസ്റ്റേഴ്സ് കുടുംബാംഗമാവാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം കൃതാർത്ഥനാണ്. ഭാവിയിൽ എന്തൊക്കെ സംഭവിച്ചാലുംഞാനെന്നും ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കും, ഇതാണ് ചെർനിച്ച് കുറിച്ചിട്ടുള്ളത്. ഏതായാലും ആരാധകർക്ക് ചില മറക്കാത്ത നിമിഷങ്ങൾ നൽകി കൊണ്ടാണ് അദ്ദേഹം ഈ സീസണിനോട് വിട പറഞ്ഞിരിക്കുന്നത്.