ഞെട്ടിക്കുന്ന വാർത്ത,ഇവാൻ വുക്മനോവിച്ച് പടിയിറങ്ങി!
തികച്ചും അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പമില്ല. അദ്ദേഹം ഗുഡ്ബൈ പറഞ്ഞുകഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം ഒഫീഷ്യലായിക്കൊണ്ട് അറിയിച്ചിട്ടുള്ളത്.ബ്ലാസ്റ്റേഴ്സും പരിശീലകനും വേർപിരിഞ്ഞു എന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സാണ് ഈയൊരു തീരുമാനമെടുത്തിട്ടുള്ളത്. മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഇവാൻ വുക്മനോവിച്ച്. ഈ മൂന്ന് വർഷവും പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ എത്തിക്കാൻ ഇവാന് സാധിച്ചിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി മാറാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.
ആശാൻ എന്ന് സ്നേഹത്തോടെ ആരാധകർ വിളിച്ചിരുന്ന വുക്മനോവിച്ച് ഇനി ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് പുറത്തായ സമയത്ത് തന്നെ ഇദ്ദേഹത്തെ ഒഴിവാക്കണം എന്നുള്ള ആവശ്യം ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയർന്നിരുന്നു.
എന്നാൽ അദ്ദേഹത്തെ നിലനിർത്തണമെന്ന് മറ്റൊരു വിഭാഗം ആരാധകർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.നേരത്തെ വുക്മനോവിച്ച് ക്ലബ്ബ് വിടും എന്നുള്ള ഒരു റൂമർ പുറത്തുവന്നിരുന്നുവെങ്കിലും അത് പരിശീലകൻ തന്നെ നിരസിച്ചിരുന്നു.താൻ ബ്ലാസ്റ്റേഴ്സിൽ തുടരും എന്നായിരുന്നു അന്ന് വുക്മനോവിച്ച് പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സാണ് ഈ ഒരു തീരുമാനം എടുത്തിട്ടുള്ളത്. ഈ സീസണിൽ ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സിന് അത് തുടരാൻ സാധിക്കാതെ പോവുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ വുക്മനോവിച്ച് പടിയിറങ്ങുന്നത്. ഏതായാലും പുതിയ ഒരു പരിശീലകനെ ഇപ്പോൾ ക്ലബ്ബിന് ആവശ്യമായി വന്നിരിക്കുകയാണ്.