ഇതിഹാസ താരം ജാമി മക്ലാരൻ ഐഎസ്എല്ലിലേക്ക്,മോഹൻ ബഗാനോട് മത്സരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സാണോ?
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു.കലാശ പോരാട്ടത്തിൽ രണ്ട് വമ്പന്മാർ തമ്മിലാണ് ഏറ്റുമുട്ടുക.മുംബൈ സിറ്റിയുടെ എതിരാളികൾ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ്.മെയ് നാലാം തീയതിയാണ് ഈ ഫൈനൽ മത്സരം നടക്കുക.
അതേസമയം എല്ലാ ക്ലബ്ബുകളും അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.നിർണായകമായ ചുവടുവെപ്പ് നടത്തിയത് മറ്റാരുമല്ല,കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. ക്ലബ്ബിന്റെ പരിശീലകൻ ഇവാൻ വുക്മനോവിച്ചിനെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിട്ടുണ്ട്. പുതിയ പരിശീലകൻ ആരാണ് എന്നുള്ള കാര്യത്തിൽ തീരുമാനങ്ങൾ ഒന്നുമായിട്ടില്ല. അതേസമയം മോഹൻ ബഗാൻ അടുത്ത സീസണിലേക്ക് കൂടുതൽ ശക്തിയാർജിക്കാനുള്ള ഒരുക്കങ്ങളിലാണ്.
ഓസ്ട്രേലിയൻ സൂപ്പർതാരമാണ് ജാമി മക്ലാരൻ. ഓസ്ട്രേലിയൻ ദേശീയ ടീമിന് വേണ്ടി 32 മത്സരങ്ങൾ കളിച്ച ഇദ്ദേഹം 11 ഗോളുകൾ നേടിയിട്ടുണ്ട്.2018 വേൾഡ് കപ്പിൽ പങ്കെടുത്തിട്ടുള്ള താരമാണ് ഇദ്ദേഹം. ഓസ്ട്രേലിയൻ വമ്പൻമാരായ മെൽബൺ സിറ്റിയുടെ ഇതിഹാസമാണ് മക്ലാരൻ. 2019 മുതൽ ഇതുവരെ അദ്ദേഹം മെൽബൺ സിറ്റിക്ക് വേണ്ടിയാണ് കളിച്ചത്.
ഒരു ഗോളടി യന്ത്രം തന്നെയാണ് മുപ്പതുകാരനായ ഈ താരം.അഞ്ച് തവണ ഓസ്ട്രേലിയൻ ലീഗിലെ ഗോൾഡൻ ബൂട്ട് നേടിയത് ഇദ്ദേഹമാണ്.ഓസ്ട്രേലിയൻ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഇദ്ദേഹമാണ്.2022/23 സീസണിൽ 24 ഗോളുകൾ നേടിക്കൊണ്ട് മികച്ച പ്രകടനം നടത്തിയ താരമാണ് അദ്ദേഹം.മക്ലാരൻ ഇപ്പോൾ മെൽബൺ സിറ്റി വിടാൻ തീരുമാനിച്ചിട്ടുണ്ട് എന്നുള്ളത് മാത്രമല്ല ഐഎസ്എല്ലിലേക്ക് വരാനുള്ള ഒരുക്കങ്ങളിലുമാണ്.
അതായത് മോഹൻ ബഗാൻ ഇദ്ദേഹവുമായി ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.ആകർശകമായ ഒരു ഓഫർ നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ മറ്റൊരു ഐഎസ്എൽ ക്ലബ്ബും അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്. ആ ക്ലബ്ബ് ഏതാണ് എന്ന് വ്യക്തമല്ല.അത് കേരള ബ്ലാസ്റ്റേഴ്സാണോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. നേരത്തെ മെൽബൺ സിറ്റിയിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയെ പൊക്കിയത്. അതുകൊണ്ട് ബ്ലാസ്റ്റേഴ്സാവാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല. ഒരുപക്ഷേ മറ്റ് ഐഎസ്എൽ ക്ലബ്ബുകളും ആവാം. ഏതായാലും ഈ സൂപ്പർ താരം ഐഎസ്എല്ലിലേക്ക് എത്തിയാൽ ഐഎസ്എല്ലിന്റെ ശോഭ വർദ്ധിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.