ഈസ്റ്റ് ബംഗാളിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു: ഭാവി പ്ലാനുകൾ വ്യക്തമാക്കി പ്രബീർ ദാസ്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ഇന്ത്യൻ താരമായ പ്രബീർ ദാസിനെ സ്വന്തമാക്കിയത്.മോഹൻ ബഗാനോടൊപ്പം മികച്ച പ്രകടനം നടത്തുകയും കിരീടങ്ങൾ നേടുകയും ചെയ്തിട്ടുള്ള താരമാണ് പ്രബീർ ദാസ്.ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ അദ്ദേഹത്തെ പരിശീലകൻ വുക്മനോവിച്ച് ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് താരത്തിന് അവസരം ലഭിക്കാതിരിക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ താരവുമായി ബന്ധപ്പെട്ട ഒരു റൂമർ പുറത്തേക്കു വന്നിരുന്നു. വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ പ്രബീർ ദാസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് മറ്റൊരു ക്ലബ്ബിലേക്ക് പോകും എന്നായിരുന്നു റൂമർ. ഇതേക്കുറിച്ച് പ്രബീർ ദാസ് തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തനിക്ക് ലഭിച്ച ഓഫർ താൻ നിരസിച്ചുവെന്നും ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് തന്റെ പദ്ധതി എന്നുമാണ് പ്രബീർ ദാസ് പറഞ്ഞിട്ടുള്ളത്.
അതായത് കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളായിരുന്നു അദ്ദേഹത്തിന് ഓഫർ നൽകിയിരുന്നത്. എന്നാൽ ഈ ഓഫർ താൻ നിരസിച്ചു എന്നാണ് പ്രബീർ ദാസ് പറഞ്ഞിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്നും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നും പ്രബീർ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഈസ്റ്റ് ബംഗാളിന്റെ ഓഫർ നിരസിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്.
കൊൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാനുവേണ്ടി കളിച്ച താരമാണ് പ്രബീർ ദാസ്. അതുകൊണ്ടുതന്നെ മറ്റു കൊൽക്കത്ത ക്ലബ്ബുകൾ ആയ ഈസ്റ്റ് ബംഗാൾ,മുഹമ്മദൻ എസ്സി എന്നിവയിലേക്ക് പോകാൻ പ്രബീർ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അദ്ദേഹം ഒരു മോഹൻ ബഗാൻ ആരാധകനായി കൊണ്ട് തന്നെ തുടരുകയാണ് ചെയ്യുക.
ഏതായാലും അടുത്ത സീസണിൽ പ്രബീർ ദാസ് ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പാണ്. ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു സൂപ്പർതാരമായ പ്രീതം കോട്ടാൽ ക്ലബ്ബ് വിടും എന്നുള്ള റൂമറുകളും പുറത്തേക്ക് വന്നിരുന്നു.പക്ഷേ അദ്ദേഹവും ക്ലബ്ബിൽ തുടരാൻ തന്നെയാണ് സാധ്യത.പുതുതായി വരുന്ന പരിശീലകന്റെ തീരുമാനങ്ങളും ഇവരുടെ ഭാവിയെ സ്വാധീനിച്ചേക്കാം.