ബാലൺ ഡി’ഓർ വിനീഷ്യസിന്..! ക്യാമ്പയിനിന് തുടക്കം!
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ പുറത്തെടുക്കുന്നത്. 21 ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സീസണിൽ ആകെ നേടിയിട്ടുണ്ട്.ഇതിനു പുറമേ വലിയ ഇമ്പാക്ട് ഉണ്ടാക്കിയ പ്രകടനമാണ് അദ്ദേഹം റയലിന് വേണ്ടി ഈ സീസണിൽ നടത്തിയിട്ടുള്ളത്. സ്പാനിഷ് സൂപ്പർ കപ്പും ലാലിഗ കിരീടവും റയൽ മാഡ്രിഡ് സ്വന്തമാക്കിയപ്പോൾ അതിൽ കൈയൊപ്പ് പതിപ്പിക്കാൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്.
ഇനി ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കി 3 കിരീടങ്ങൾ പൂർത്തിയാക്കാനുള്ള അവസരം റയൽ മാഡ്രിഡിന് മുന്നിലുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എതിരാളികൾ ബൊറൂസിയ ഡോർട്മുണ്ടാണ്. ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടിയാൽ റയൽ മാഡ്രിഡിലെ രണ്ട് താരങ്ങൾക്ക് ബാലൺ ഡി’ഓർ പുരസ്കാര സാധ്യതയുണ്ട്.വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവരാണ് ആ രണ്ടു താരങ്ങൾ.
ഇതിൽ തന്നെ റയൽ മാഡ്രിഡും അവരുടെ ഡ്രസ്സിങ് റൂമും മുൻതൂക്കം നൽകുന്നത് വിനീഷ്യസ് ജൂനിയർക്കാണ്. ഇത്തവണത്തെ ബാലൺഡി’ഓർ അർഹത വിനീഷ്യസിനാണ് എന്നാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള ക്യാമ്പയിൻ അവർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.മാർക്കയാണ് ഈ വാർത്ത പുറത്തുവിട്ടത്.
ഇന്നലെ ട്രോഫി പരേഡ് റയൽ മാഡ്രിഡ് നടത്തിയിരുന്നു.അപ്പോൾ റയൽ താരങ്ങളും ആരാധകരും ഒരുമിച്ച് ചാന്റ് ചെയ്തിരുന്നു.ബാലൺഡി’ഓർ വിനീഷ്യസിന് എന്നായിരുന്നു റയൽ താരങ്ങൾ ചാന്റ് ചെയ്തിരുന്നത്.എല്ലാവരും ഇത്തവണ വിനീഷ്യസിന് ലഭിക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച താരം വിനിയാണ് എന്നത് ബെല്ലിങ്ങ്ഹാം തന്നെ പറഞ്ഞിരുന്നു.
കോപ്പ അമേരിക്കയിൽ ബ്രസീലിനെ മുന്നിൽ നിന്ന് നയിക്കാനുള്ളതും ഈ സൂപ്പർ താരം തന്നെയാണ്. ബ്രസീലിനോടൊപ്പം കോപ്പ അമേരിക്ക കൂടി നേടിയാൽ വിനീഷ്യസിനുള്ള സാധ്യതകൾ വളരെയധികം വർദ്ധിക്കും.ആദ്യം ചാമ്പ്യൻസ് ലീഗ് നേടുക, പിന്നീട് കോപ്പ അമേരിക്ക നേടുക എന്നുള്ളതാണ് വിനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.