സമയം വേണം: ദിമി തീരുമാനമെടുക്കാത്തതിന് ചില കാരണങ്ങളുണ്ട്!
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ദിമി ഇപ്പോൾ ഉള്ളത് വെക്കേഷൻ ആഘോഷത്തിലാണ്.എന്നാൽ ആരാധകരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കാര്യത്തിലുള്ള ആശങ്ക നീങ്ങിയിട്ടില്ല.അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് പൂർത്തിയാവുകയാണ്. അത് ഇതുവരെ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ ഗോൾഡൻ ബൂട്ട് ജേതാവിന് നൽകിയിട്ടുണ്ട്.എന്നാൽ താരം ഇതുവരെ അതിനോട് പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മാത്രമല്ല, മറ്റു ചില ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചിട്ടുണ്ട്. മൂന്നോളം ക്ലബ്ബുകൾക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.
ദിമി തീരുമാനമെടുക്കാൻ വൈകുന്നതും ഈ ഓഫർ കാരണമാണ്. എന്തെന്നാൽ ഐഎസ്എൽ ക്ലബ്ബുകളിൽ നിന്ന് മാത്രമല്ല,വിദേശ ക്ലബ്ബുകളിൽ നിന്നുപോലും അദ്ദേഹത്തിന് ഓഫറുകൾ ഉണ്ട്. അതുകൊണ്ടുതന്നെ തീരുമാനം എടുക്കാൻ കുറച്ച് സമയം വേണം എന്നാണ് താരം ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതിനർത്ഥം ഈ ഓഫറുകളെയെല്ലാം അദ്ദേഹം കാര്യമായി പരിഗണിക്കുന്നുണ്ട് എന്നുള്ളതാണ്.ബ്ലാസ്റ്റേഴ്സിൽ മാത്രം തുടരാനാണ് ഉദ്ദേശമെങ്കിൽ അദ്ദേഹം നേരത്തെ അറിയിക്കുമായിരുന്നു.
ഏതായാലും ദിമിയെ നിലനിർത്തുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു ടാസ്ക് തന്നെയാണ്. താരം ആഗ്രഹിക്കുന്ന രൂപത്തിലുള്ള ഒരു ഓഫർ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.ദിമിയെ നഷ്ടമായി കഴിഞ്ഞാൽ അതൊരു വലിയ വിടവ് തന്നെയായിരിക്കും.അദ്ദേഹത്തെപ്പോലെയൊരു സ്ട്രൈക്കറെ ഇനി ലഭിച്ചു എന്ന് വരില്ല