മെസ്സിക്ക് എന്താണ് സംഭവിച്ചത്? വിജയിക്കാനാവാതെ മയാമി, മെസ്സി ഇല്ലെങ്കിൽ ഇവർ വട്ടപ്പൂജ്യം!
ലയണൽ മെസ്സി മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തകർപ്പൻ പ്രകടനം നടത്താനും വിജയങ്ങൾ സ്വന്തമാക്കാനും ഇന്റർമയാമിക്ക് സാധിക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ സാന്നിധ്യം കൊണ്ട് തന്നെ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഇന്റർമയാമി വിജയിച്ചിരുന്നു. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർമയാമിക്ക് വിജയിക്കാൻ സാധിക്കാതെ പോയിട്ടുണ്ട്.
ഗോൾ രഹിത സമനിലയാണ് ഇന്റർമയാമി വഴങ്ങിയിട്ടുള്ളത്.ഒർലാന്റോ സിറ്റിയാണ് ഇന്റർമയാമിയെ സമനിലയിൽ തളച്ചിട്ടുള്ളത്. ലയണൽ മെസ്സി പരിക്ക് കാരണമാണ് ഈ മത്സരത്തിൽ കളിക്കാതിരുന്നത്.മെസ്സിയുടെ കാലിന് ചതവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് മെസ്സിക്ക് വിശ്രമം അനുവദിക്കപ്പെട്ടത്.ഗാസ്റ്റൻ എഡുൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പരിക്കിന്റെ കാര്യത്തിൽ പേടിക്കേണ്ടതില്ല,മെസ്സി വേഗം മടങ്ങിയെത്തുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ മോൻട്രിയലിനെതിരെയുള്ള മത്സരത്തിനിടയിലായിരുന്നു ലയണൽ മെസ്സിക്ക് പരിക്കേറ്റത്.മെസ്സിയുടെ അഭാവം ശരിക്കും ഈ ക്ലബ്ബിനെ ബാധിക്കുകയായിരുന്നു.എന്നാൽ ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല.
മെസ്സി ഇല്ലെങ്കിൽ ഈ അമേരിക്കൻ ക്ലബ്ബ് വട്ടപ്പൂജ്യം തന്നെയാണ്.മെസ്സി വന്നതിനുശേഷം ആകെ 13 മത്സരങ്ങളാണ് അദ്ദേഹത്തിന് നഷ്ടമായിട്ടുള്ളത്. അതിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.ബാക്കിയുള്ള മത്സരങ്ങളിൽ സമനിലയോ തോൽവിയോ അവർക്ക് വഴങ്ങേണ്ടി വന്നിട്ടുണ്ട്.മെസ്സിയുള്ള ഭൂരിഭാഗം മത്സരങ്ങളിലും അവർ വിജയിക്കുന്നുമുണ്ട്. ചുരുക്കത്തിൽ ലയണൽ മെസ്സിയെ ആശ്രയിച്ചു കൊണ്ട് മാത്രം ഓടുന്ന ഒരു വാഹനമാണ് ഇന്റർമയാമി എന്ന് പറയേണ്ടിവരും.
സമനില വഴങ്ങിയെങ്കിലും ഇന്റർമയാമി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്. 14 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് അവരുടെ സമ്പാദ്യം. മെസ്സി ഈ സീസണിൽ 9 ലീഗ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് പത്തു ഗോളുകളും ഒൻപത് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.