ആരാധകരുടെ സമ്മർദ്ദം കൊണ്ടാണോ ലൂണയുടെ കോൺട്രാക്ട് പുതുക്കിയത്? പ്രതികരിച്ച് സ്കിൻകിസ്
കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് ഈ സീസണോടുകൂടി പൂർത്തിയായിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ പഴയ കരാറിൽ ഒരു വർഷത്തേക്ക് കൂടി പുതുക്കാനുള്ള ഓപ്ഷൻ ലഭ്യമായിരുന്നു.അത് കേരള ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തിക്കൊണ്ട് കരാർ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു. പക്ഷേ മറ്റു പല ക്ലബ്ബുകളും അദ്ദേഹത്തെ സ്വന്തമാക്കാൻ മുന്നോട്ട് വന്നു.
ഇതോടെ ആരാധകർക്ക് ആശങ്കയായി.ലൂണയെ കൈവിട്ട് പോകുമോ എന്ന ഭയംകൊണ്ട് അവർ പ്രതിഷേധങ്ങൾ ഉയർത്തി.ലൂണയുടെ കോൺട്രാക്ട് ഇനിയും ദീർഘിപ്പിക്കണം എന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യം. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ലൂണയുമായി വീണ്ടും ചർച്ചകൾ നടത്തുകയും കരാർ പുതുക്കുകയും ചെയ്തു.2027 വരെയുള്ള പുതിയ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്.
ഇതോടെ ആരാധകർക്ക് ആശ്വാസമായി. എന്നാൽ ആരാധകരുടെ സമ്മർദ്ദം കൊണ്ടല്ല ക്ലബ്ബ് ലൂണയുടെ കോൺട്രാക്ട് പുതുക്കിയത് എന്നാണ് വ്യക്തമാകുന്നത്. മറിച്ച് ലൂണയെ നിലനിർത്തുക എന്ന പ്ലാൻ ബ്ലാസ്റ്റേഴ്സിന് മുൻപ് തന്നെ ഉണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കിയത് ക്ലബ്ബിന്റെ സ്പോട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
അഡ്രിയാൻ ലൂണ ഒരു ലീഡറാണ്, ഞങ്ങളുടെ ക്യാപ്റ്റനാണ്.കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് ആവശ്യപ്പെടുന്ന മൂല്യത്തിന്റെയും മെന്റാലിറ്റിയുടെയും യഥാർത്ഥ ഉദാഹരണമാണ് അഡ്രിയാൻ ലൂണ.സീസൺ അവസാനിച്ച ഉടൻതന്നെ ഞങ്ങൾ മുൻഗണന നൽകിയത് അഡ്രിയാൻ ലൂണയെ ക്ലബ്ബിനോടൊപ്പം നിലനിർത്തുക എന്നുള്ളതിനാണ്,ഇതാണ് സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഏതായാലും ലൂണയുടെ കാര്യത്തിൽ ഇനി പേടി വേണ്ട. പക്ഷേ ദിമിയെ നിലനിർത്താൻ കഴിയാതെ പോയത് ആരാധകർക്ക് ആശങ്ക നൽകുന്ന കാര്യമാണ്. എന്നിരുന്നാലും മികച്ച ഒരു പകരക്കാരനെ സ്പോർട്ടിംഗ് ഡയറക്ടർ കൊണ്ടുവരുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ഫാൻസുള്ളത്.