ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിന്റോ എന്ന് തുറക്കും? എന്ന് അടക്കും? ഔദ്യോഗിക സ്ഥിരീകരണം വന്നു!
ഇന്ത്യൻ ഫുട്ബോൾ ആരാധകരും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ഇപ്പോൾ ഏറെ ആവേശത്തോടുകൂടി നോക്കിക്കൊണ്ടിരിക്കുന്നത് വരുന്ന ട്രാൻസ്ഫർ ജാലകത്തിലേക്കാണ്. ടീമുകൾ എല്ലാവരും തങ്ങളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം തന്നെ പല ഡീലുകളും നടന്ന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിലുള്ള ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ട്രാൻസ്ഫർ വിൻഡോയിലാണ് നടക്കുക.
ക്ലബ്ബുകൾ തമ്മിലുള്ള കൈമാറ്റങ്ങൾ പ്രധാനമായും ട്രാൻസ്ഫർ ജാലകത്തിലാണ് ഉണ്ടാവുക. ഇന്ത്യൻ ട്രാൻസ്ഫർ ജാലകം എന്ന് തുറക്കും? എന്ന് അടക്കും എന്നുള്ളത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ വന്നു കഴിഞ്ഞു.ജൂൺ പന്ത്രണ്ടാം തീയതിയാണ് ഇന്ത്യയിൽ ട്രാൻസ്ഫർ വിന്റോ തുറക്കുക. പിന്നീട് ഓഗസ്റ്റ് 31ആം തിയ്യതിയാണ് ട്രാൻസ്ഫർ ജാലകം അടക്കുക.
ഇതിന് മുൻപ് എല്ലാ ട്രാൻസ്ഫറുകളും ക്ലബ്ബുകൾ പൂർത്തിയാക്കിയിരിക്കണം.ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റു നോക്കുന്നത് ഈ വിൻഡോയിലേക്ക് തന്നെയാണ്. കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിട്ടുണ്ട്.അതേസമയം ദിമിയെ ബ്ലാസ്റ്റേഴ്സ് കൈവിടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പകരം ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ആദ്യം ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടത് ഒരു പരിശീലകനെ നിയമിക്കുക എന്നതാണ്.ഇവാൻ വുക്മനോവിച്ച് ഇപ്പോൾ ക്ലബ്ബ് വിട്ട് പുറത്തു പോയിട്ടുണ്ട്. പുതിയ ഒരാളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്.മുമ്പ് ഗോവക്ക് വേണ്ടി കളിച്ചിരുന്ന നൂഹിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വരിക ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെയായിരിക്കും.