Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സ്റ്റാറെ നേട്ടങ്ങളും കിരീടങ്ങളും ഒരുപാട് സ്വന്തമാക്കിയവൻ,പക്ഷേ അവസാനം നിരാശാജനകം!

996

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ ഒരല്പം മുൻപ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.രണ്ടുവർഷത്തേക്കുള്ള ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്.ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്കാണ് ഈ പരിശീലകൻ ഇപ്പോൾ എത്തിയിട്ടുള്ളത്.

സ്വീഡിഷ് ക്ലബ്ബുകളെ ഒരുപാട് കാലം പരിശീലിപ്പിച്ച ഇദ്ദേഹം ഏറ്റവും ഒടുവിൽ തായ്‌ലൻഡ് ലീഗിലായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്നാണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഇദ്ദേഹം എത്തുന്നത്. കഴിഞ്ഞ 17 വർഷത്തോളമായി ഇദ്ദേഹം പരിശീലക രംഗത്തുണ്ട്. അതിന്റെ പരിചയസമ്പത്ത് ഇദ്ദേഹത്തിനുണ്ട്. ഒരുപാട് കിരീടങ്ങളും നേട്ടങ്ങളും പരിശീലകൻ എന്ന നിലയിൽ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പക്ഷേ അവസാന സീസൺ നിരാശാജനകമായിരുന്നു.

യൂത്ത് ടീമുകളെ പരിശീലിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം പരിശീലക കരിയർ ആരംഭിച്ചത്.AIK എന്ന സ്വീഡിഷ് ക്ലബ്ബിന്റെ അണ്ടർ 19 ടീമിനെ നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.പിന്നീട് സീനിയർ ടീമിന്റെ പരിശീലകനായി കൊണ്ട് ഇദ്ദേഹം എത്തി.എഫ്സി വാസ്ബി യുണൈറ്റഡ് എന്ന ക്ലബ്ബിന് തേർഡ് ഡിവിഷനിൽ നിന്നും സെക്കൻഡ് ഡിവിഷനിലേക്ക് പ്രമോഷൻ നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.AIK എന്ന ക്ലബ്ബിന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ടും ഇദ്ദേഹം ഉണ്ടായിരുന്നു.

2008ൽ AIK യുടെ മുഖ്യ പരിശീലകനായ ഇദ്ദേഹം 2009ൽ അവർക്ക് ലീഗ് കിരീടവും കപ്പ് കിരീടവും നേടിക്കൊടുത്തു. പിന്നീട് ഗ്രീസിൽ കുറച്ചുകാലം പരിശീലിപ്പിച്ചതിനു ശേഷം അദ്ദേഹം സ്വീഡനിലേക്ക് തന്നെ മടങ്ങി വന്നു.IFK ഗോട്ട്ബർഗ് എന്ന ക്ലബ്ബിന് ലീഗ് കിരീടം നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് MLS ഉൾപ്പെടെയുള്ള ലീഗുകളിൽ അദ്ദേഹം പരിശീലകനായിട്ടുണ്ട്. ഏറ്റവും ഒടുവിൽ തായ്‌ലാൻഡ് ക്ലബ്ബായ ഉതായ് താനി എന്ന ക്ലബ്ബിനെയാണ് പരിശീലിപ്പിച്ചത്.അവിടെ യഥാർത്ഥത്തിൽ അദ്ദേഹം നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

അദ്ദേഹത്തിന് കീഴിൽ അവർ 25 മത്സരങ്ങൾ കളിച്ചു. അതിൽ കേവലം 7 വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.8 സമനിലകളും 10 തോൽവികളും അവർ വഴങ്ങി. ശരാശരി ഒരു മത്സരത്തിൽ 1.66 പോയിന്റ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. ക്ലബ്ബ് പതിനാലാം സ്ഥാനത്തേക്ക് താഴ്ന്നതോടെ ഇദ്ദേഹത്തെ അവർ പുറത്താക്കുകയായിരുന്നു. ഇദ്ദേഹം ക്ലബ്ബിൽ നിന്നും പുറത്തു പോയതിനുശേഷം മികച്ച പ്രകടനം നടത്തിയ അവർ ഏഴാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.

സ്വീഡനിൽ ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയ പരിശീലകനാണ് ഇദ്ദേഹം. പക്ഷേ തായ്‌ലാൻഡിൽ ഇദ്ദേഹത്തിന് തിളങ്ങാൻ കഴിയാതെ പോയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇദ്ദേഹം എത്രത്തോളം മികവ് കാണിക്കും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.