ഒന്നുകിൽ ആ ക്ലബ്ബിന്റെ ഓഫർ സ്വീകരിക്കൂ, അല്ലെങ്കിൽ എന്റെ കോൺട്രാക്ട് റദ്ദാക്കൂ:മോഹൻ ബഗാനോട് ഹ്യൂഗോ ബോമസ്!
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഫ്രഞ്ച് താരമാണ് ഹ്യൂഗോ ബോമസ്.2018 മുതൽ ഇദ്ദേഹം ഐഎസ്എല്ലിൽ ഉണ്ട്.ഗോവക്ക് വേണ്ടിയായിരുന്നു അദ്ദേഹം ആദ്യം കളിച്ചിരുന്നത്. പിന്നീട് മുംബൈ സിറ്റിക്ക് വേണ്ടി കളിച്ചു.2021 മുതൽ അദ്ദേഹം മോഹൻ ബഗാന്റെ ഭാഗമാണ്.എന്നാൽ ഇപ്പോൾ അവസാനിച്ച സീസണിൽ അദ്ദേഹത്തിന് വേണ്ട വിധത്തിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ടുതന്നെ ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ചെറിയ തടസ്സങ്ങളൊക്കെ നിലനിൽക്കുന്നുണ്ട്. നിലവിൽ ഒഡീഷ എഫ്സിയിലേക്ക് പോവാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.അവർ ഈ താരത്തിന് വേണ്ടി ഓഫർ നൽകിയിട്ടുണ്ട്.സെർജിയോ ലൊബേറക്ക് കീഴിൽ കളിക്കാനാണ് ഹ്യൂഗോ ബോമസ് ഇപ്പോൾ താല്പര്യപ്പെടുന്നത്. എന്നാൽ മോഹൻ ബഗാൻ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഒഡീഷയുടെ ഓഫർ അവർ സ്വീകരിച്ചിട്ടില്ല.താരത്തെ മോഹൻബഗാൻ കൈവിടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ വരേണ്ടതുണ്ട്. എന്നാൽ ഇതിനിടെ ക്ലബ്ബിനോട് ഒരു റിക്വസ്റ്റ് ബോമസ് നടത്തിയതായി അറിയാൻ സാധിക്കുന്നുണ്ട്. ഒന്നുകിൽ ഒഡീഷയുടെ ഓഫർ സ്വീകരിച്ചുകൊണ്ട് തന്നെ അവിടേക്ക് പോകാൻ അനുവദിക്കണം, അതല്ല എങ്കിൽ തന്റെ കോൺട്രാക്ട് റദ്ദാക്കണം. അങ്ങനെ ഫ്രീ ട്രാൻസ്ഫറിൽ ഒഡീഷയിലേക്ക് പോകാൻ അനുവദിക്കണം എന്നാണ് അദ്ദേഹത്തിന്റെ റിക്വസ്റ്റ്.
മോഹൻ ബഗാൻ എന്ത് തീരുമാനമെടുക്കും എന്നത് വ്യക്തമല്ല.ക്ലബ്ബ് വിടാൻ തന്നെയാണ് താരത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ കോൺട്രാക്ട് ബഗാൻ റദ്ദാക്കി എന്നുള്ള വിവാദങ്ങൾ നേരത്തെ ഉണ്ടായിരുന്നു.പക്ഷേ അവർ അത് ടെർമിനേറ്റ് ചെയ്തിരുന്നില്ല. മോഹൻ ബഗാനുമായുള്ള അവസാന നാളുകളിൽ അത്ര രസത്തിലായിരുന്നില്ല ക്ലബ്ബും താരവും ഉണ്ടായിരുന്നത്. ഏതായാലും അടുത്ത സീസണിൽ താരത്തെ ഒഡീഷയുടെ ജേഴ്സിയിൽ കാണാൻ തന്നെയാണ് സാധ്യതകൾ ഉള്ളത്.