സ്റ്റാറെക്ക് അറിയുന്ന താരം,ബ്രസീൽ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് വേണം!
കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഒരു മികച്ച ഗോൾ വേട്ടക്കാരനെ ആവശ്യമാണ്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ സൂപ്പർ സ്ട്രൈക്കറെ നഷ്ടമായി കഴിഞ്ഞിട്ടുണ്ട്.ദിമി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.
അതുകൊണ്ടുതന്നെ നമ്പർ പൊസിഷനിലേക്ക് ഒരു മികച്ച താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നേരത്തെ ഒരു എസ്‌റ്റോണിയൻ യുവതാരത്തിന്റെ പേര് ഉയർന്ന കേട്ടുവെങ്കിലും അതിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ മറ്റൊരു റൂമർ പുറത്തേക്കു വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ബ്രസീലിയൻ സ്ട്രൈക്കർക്ക് വേണ്ടിയാണ് ശ്രമിക്കുന്നത് എന്നാണ് പുതിയ റൂമർ. കൗണ്ടർ ബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
30 വയസ്സുള്ള ബ്രസീലിയൻ സെന്റർ ഫോർവേഡ് വില്യൻ പോപ്പിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.നിലവിൽ തായ്‌ലാൻഡ് ലീഗ് വണ്ണിലാണ് അദ്ദേഹം കളിക്കുന്നത്.മുവാൻതോങ് ക്ലബ്ബിന്റെ താരമാണ്.അവിടെ മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ അദ്ദേഹം പുറത്തെടുത്തിട്ടുള്ളത്.23 മത്സരങ്ങളിൽ നിന്ന് 21 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 17 ഗോളുകളും 4 അസിസ്റ്റുകളും ആണ് അദ്ദേഹം നേടിയിട്ടുള്ളത്.അപ്പോൾ തന്നെ താരത്തിന്റെ മികവ് നമുക്ക് മനസ്സിലാകും.
അതായത് ദിമിയുടെ വിടവ് നികത്താൻ കഴിയുന്ന ഒരു താരത്തെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരിക്കുന്നത്. തായ്‌ലാൻഡ് ലീഗിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറെ വരുന്നത്. അതുകൊണ്ടുതന്നെ ഈ താരത്തെ നിർദ്ദേശിച്ചു നൽകിയത് ഈ പരിശീലകൻ തന്നെയാവാം. 2023 മുതൽ അദ്ദേഹം ഈ തായ്‌ലൻഡ് ക്ലബ്ബിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. താരത്തെ ലഭിക്കുകയാണെങ്കിൽ അത് വലിയ മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.