ഇഷാനെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ വന്നു,ബ്ലാസ്റ്റേഴ്സിന്റെ നിലപാട് എന്താണ്?
കഴിഞ്ഞ സമ്മർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറായ ഇഷാൻ പണ്ഡിതയെ കൊണ്ടുവന്നത്. വേറെ ടീമുകളുടെ ഓഫറുകൾ ഉണ്ടായിട്ടും അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്. എന്നാൽ ഇഷാൻ കരുതിയത് പോലെയല്ല കാര്യങ്ങൾ നടന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. പരിശീലകൻ ഇവാൻ വുക്മനോവിച്ച് അദ്ദേഹത്തിന് അവസരങ്ങൾ നൽകിയിരുന്നില്ല. മാത്രമല്ല ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുമില്ല.ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയിൽ ഒരു ഗോൾ പോലും നേടാനാവാതെയാണ് ഇഷാൻ ഈ സീസൺ അവസാനിപ്പിച്ചത്. വലിയ പ്രതീക്ഷകളോടുകൂടി വന്ന താരത്തിന് ഒന്നുമാവാൻ സാധിക്കാതെ പോവുകയായിരുന്നു.
അതുകൊണ്ടുതന്നെ താരത്തെ കൈവിടാൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. വരുന്ന സമ്മറിൽ അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.ഇഷാനെ ലോൺ അടിസ്ഥാനത്തിൽ കൊണ്ടുവരാൻ രണ്ട് ക്ലബ്ബുകൾ ഇപ്പോൾ മുന്നോട്ടു വന്നിട്ടുണ്ട്. പഞ്ചാബ് എഫ്സി,മുഹമ്മദൻ എസ്സി എന്നിവരാണ് ആ രണ്ടു ക്ലബ്ബുകൾ. എന്നാൽ ബ്ലാസ്റ്റേഴ്സിന് താൽപര്യം താരത്തെ വിൽക്കുന്നതാണ്. ഒരു നിശ്ചിത ട്രാൻസ്ഫർ ഫീ കൈപ്പറ്റി പൂർണ്ണമായും കൈവിടാൻ ബ്ലാസ്റ്റേഴ്സ് ഒരുക്കമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ലോണിൽ അല്ലാതെ സ്ഥിരമായി വാങ്ങാൻ ഏതെങ്കിലും ക്ലബ്ബുകൾ വരുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.സ്ട്രൈക്കർ പൊസിഷനുകളിൽ പലപ്പോഴും വിദേശ താരങ്ങളാണ് കളിക്കുക.അതുകൊണ്ടുതന്നെ ഇന്ത്യൻ താരങ്ങൾക്ക് അവസരങ്ങൾ കുറവായിരിക്കും. അതിനാൽ ഇഷാനും ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ തന്നെയായിരിക്കും നടത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്