അമേരിക്ക പൂട്ടി,ബ്രസീലിന് നിരാശ!
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്. കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൊണ്ടാണ് ബ്രസീൽ അമേരിക്കയെ നേരിട്ടത്.രണ്ട് ടീമും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടന്നത്.
റോഡ്രിഗോ,റാഫീഞ്ഞ,വിനീഷ്യസ് എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റനിരയിൽ ഉണ്ടായിരുന്നത്.ബ്രസീൽ തന്നെയാണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ റോഡ്രിഗോയാണ് ഗോൾ നേടിയത്.റാഫിഞ്ഞ നൽകിയ ബോൾ അനായാസം റോഡ്രിഗോ ഫിനിഷ് ചെയ്യുകയായിരുന്നു.എന്നാൽ അധികം വൈകാതെ അമേരിക്കയുടെ സമനില ഗോൾ പിറന്നു.
26ആം മിനിട്ടിലാണ് ക്യാപ്റ്റൻ പുലിസിച്ച് അമേരിക്കയ്ക്ക് സമനില ഗോൾ നേടിക്കൊടുത്തത്. ബോക്സിന് തൊട്ട് വെളിയിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് താരം ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ മത്സരം 1-1 എന്ന നിലയിലായി. പിന്നീട് രണ്ട് ടീമുകളും വിജയ ഗോളിന് വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു.എന്നാൽ ഗോൾ കീപ്പർമാരുടെ മികവ് തടസ്സമായി.
അമേരിക്കൻ ഗോൾകീപ്പർ ടെർണറും ബ്രസീലിയൻ ഗോൾ കീപ്പർ ആലിസണും മികച്ച പ്രകടനമാണ് നടത്തിയത്. അതേസമയം സൂപ്പർ താരം വിനീഷ്യസ് ജൂനിയർ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്.ഒരുപാട് അവസരങ്ങൾ അദ്ദേഹം പാഴാക്കുകയും ചെയ്തു.അതായാലും സമനില വഴങ്ങിയത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന കാര്യമാണ്.