സിമ്പിളായി ഗോളടിക്കാമായിരുന്നിട്ടും ബ്രുണോക്ക് അസിസ്റ്റ് നൽകി,ക്രിസ്റ്റ്യാനോ കുറിച്ചത് പുത്തൻ റെക്കോർഡ്!
യുവേഫ യൂറോ കപ്പിൽ നടന്ന രണ്ടാം മത്സരത്തിലും വിജയിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ പരാജയപ്പെടുത്തിയത്. മിന്നുന്ന പ്രകടനമാണ് മത്സരത്തിൽ പോർച്ചുഗൽ പുറത്തെടുത്തിട്ടുള്ളത്. തുടർച്ചയായി രണ്ടാം മത്സരത്തിൽ വിജയം നേടിയ പോർച്ചുഗൽ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.
മത്സരത്തിന്റെ 21ആം മിനിട്ടിലാണ് ബെർണാഡോ സിൽവ പോർച്ചുഗലിനു വേണ്ടി ആദ്യ ഗോൾ സ്വന്തമാക്കിയത്. ബോക്സിനകത്ത് തനിക്ക് ലഭിച്ച ബോൾ ഒരു തകർപ്പൻ ഷോട്ടിലൂടെ സിൽവ വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ 28ആം മിനുട്ടിൽ അകയ്ദിൻ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.അദ്ദേഹം ഗോൾ കീപ്പർക്ക് നൽകിയ മൈനസ് പിഴക്കുകയായിരുന്നു.അത് വലയിലേക്ക് പതിക്കുകയും ചെയ്തു.വൻ അബദ്ധത്തിലൂടെയാണ് തുർക്കി ഈ സെൽഫ് വഴങ്ങിയത്.
പിന്നീട് മത്സരത്തിന്റെ 56ആം മിനിട്ടിലാണ് ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ പിറന്നത്. അസിസ്റ്റ് നൽകിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.ക്രിസ്റ്റ്യാനോക്ക് ഗോളടിക്കാമായിരുന്നു ഒരു അവസരമായിരുന്നു ഇത്.ഗോൾകീപ്പർ മാത്രമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹം അത് ബ്രൂണോക്ക് നീട്ടി നൽകുകയായിരുന്നു.അനായാസം താരം അത് ഗോളാക്കി മാറ്റുകയും ചെയ്തു.
ഈ അസിസ്റ്റ് സ്വന്തമാക്കിയതോടുകൂടി റൊണാൾഡോ ഒരു പുതിയ ചരിത്രം കുറിച്ചിട്ടുണ്ട്.യൂറോകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം ഇപ്പോൾ റൊണാൾഡോ ആണ്. 8 അസിസ്റ്റുകളാണ് അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത്. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്.14 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.ഈ രണ്ട് റെക്കോർഡുകളും ഇപ്പോൾ അദ്ദേഹത്തിന്റെ പേരിലായി.
ഏറ്റവും കൂടുതൽ തവണ യൂറോ കപ്പിൽ പങ്കെടുത്ത താരവും റൊണാൾഡോ തന്നെയാണ്. 6 കോമ്പറ്റീഷനുകളിലാണ് അദ്ദേഹം പങ്കെടുത്തിട്ടുള്ളത്. ഇങ്ങനെ ഒരുപിടി റെക്കോർഡുകൾ റൊണാൾഡോ യൂറോ കപ്പിൽ സ്വന്തമാക്കിയിട്ടുണ്ട്.മികച്ച വിജയം നേടാൻ കഴിഞ്ഞു എന്നത് റൊണാൾഡോക്കും പോർച്ചുഗലിനും സന്തോഷം നൽകുന്ന കാര്യമാണ്.